കരാകസ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെനസ്വേലന്‍ വ്യോമാതിര്‍ത്തികള്‍ അടച്ചുപൂട്ടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.
ട്രംപിന്റെ പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്ന് വെനസ്വേലന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
‘വെനസ്വേലയുടെ വ്യോമാതിര്‍ത്തിയുടെ പരമാധികാരത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന കൊളോണിയലിസ്റ്റ് ഭീഷണിയെ വെനസ്വേല അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു.
ഇത് വെനസ്വേലയിലെ ജനതയ്ക്ക് എതിരായ അതിരുകടന്നതും നിയമ വിരുദ്ധവും നീതിക്ക് നിരക്കാത്തതുമായ ആക്രമണമാണ്,’വെനസ്വേല പറഞ്ഞു.
ശനിയാഴ്ചയാണ് ട്രംപ് വെനസ്വേലയുടെ വ്യോമാതിര്‍ത്തികളും ചുറ്റുമുള്ള മേഖലയും പൂര്‍ണമായി അടച്ചിട്ടതായുള്ള പ്രഖ്യാപനം നടത്തിയത്. എല്ലാ വിമാനക്കമ്പനികളും പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ശ്രദ്ധിക്കുക, വെനസ്വേലയ്ക്ക് മുകളിലും ചുറ്റുമായുമുള്ള വ്യോമാതിര്‍ത്തി മുഴുവനായും അടച്ചിട്ടതായി പരിഗണിക്കണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയിലും യു.എസ് വിമാനക്കമ്പനികള്‍ വെനസ്വേലയ്ക്കും സമീപപ്രദേശത്തു കൂടിയും പറക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ, വ്യോമാക്രമണത്തിന് യു.എസ് തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
യു.എസ്, വെനസ്വേലയെ ലക്ഷ്യം വെച്ച് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുള്‍പ്പെടെ കരീബിയന്‍ തീരത്ത് വിന്യസിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാ വിമാനക്കമ്പനികള്‍ക്കും പൈലറ്റ്മാര്‍ക്കും ട്രംപിന്റെ മുന്നറിയിപ്പും പുറത്തെത്തിയിരിക്കുന്നത്.
വെനസ്വേലയിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെയുള്ള നടപടിയെന്ന പേരില്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ യു.എസ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ 20ലധികം കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 80ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: This is colonialist threat; Venezuela opposes Trump’s announcement to close airspace