ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകള്‍ മോഷ്ടിക്കപ്പെട്ട സംഭവം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് സുപ്രീം കോടതി. കേസില്‍ സി.ബി.ഐ അന്വേഷണവും ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളുടെ സ്വതന്ത്ര ഓഡിറ്റും ആവശ്യപ്പെട്ട് കൊണ്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
‘ഇത് ഒരു ലളിതമായ കേസാണ്. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന തുടങ്ങിയവരും ബെഞ്ചിലുണ്ടായിരുന്നു.
ഈ ലളിതമയ കേസ് നിതീയുക്തവും നിഷ്പക്ഷവുമായ രീതിയില്‍ അന്വേഷിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച പുതിയ ഹരജിക്കാരെയും കോടതി ശകാരിച്ചു.
‘ ഈ വിഷയം ഞങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധയില്‍ എടുത്തിട്ടുണ്ട്. എല്ലാവരും കോടതിയില്‍ വരേണ്ട ആവശ്യമെന്താണ്,’ കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് ജൂലൈ 27 ന് ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത്, സ്വര്‍ണം-വെള്ളി വസ്തുക്കള്‍ കാണാതായെന്ന ആരോപണത്തെക്കുറിച്ചും സംഭാവനകളുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നതിനെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.
ക്ഷേത്രനിര്‍മാണ വേളയില്‍ ഭക്തര്‍ക്ക് നല്‍കിയ രസീതുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും, അങ്ങനെ സംഭാവന നല്‍കിയവര്‍ക്ക് തങ്ങളുടെ പണം ട്രസ്റ്റില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എന്നാല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനോട് ചീഫ് ജസ്റ്റിസ് യോജിച്ചില്ല. വ്യാജമായി സംഭാവന നല്‍കിയെന്ന അവകാശവാദങ്ങള്‍ ഉയരാന്‍ ഇത് ഇടയാക്കുമെന്നും ഇത്തരമൊരു നടപടി പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: This is a trivial case; do not politicize it unnecessarily: Supreme Court on the Ram Temple heist.