| Saturday, 1st November 2025, 10:28 pm

ഇത് ഇന്ദ്രന്‍സിനുള്ള ട്രിബ്യൂട്ട്; സംഗീത സംവിധായകനായി ജോണ്‍പോള്‍ ജോര്‍ജ്, 'ആശാനി'ലെ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്പിളിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആശാനിലെ ആദ്യ ഗാനം പുറത്ത്. ‘കുഞ്ഞിക്കവിള്‍ മേഘമേ’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സിനുള്ള ട്രിബൂട്ട് സോങ്ങായാണ് എത്തിയിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ നല്‍കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജാണ്.

ഇതാദ്യമായാണ് ജോണ്‍പോള്‍ ജോര്‍ജ് സംഗീതം നിര്‍വഹിക്കുന്നത്. ഹാസ്യതാരമായും അല്ലാതെയും നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിനായുള്ള ഈ ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷാണ്. റീത്ത റെക്കോര്‍ഡ്സ് എന്ന യുട്യൂബ് ചാനലിലാണ് അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. പാട്ടിനെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ഗപ്പി, അമ്പിളി എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ് നിറച്ച ജോണ്‍പോളിന്റെ മൂന്നാമത്തെ ചിത്രമായാണ് ആശാന്‍ എത്തുന്നത്. അതേസമയം ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമായ പാതായാണ് ജോണ്‍പോള്‍ ജോര്‍ജ് ആശാനില്‍ പിന്തുടരുന്നതെന്നാണ് പറയുന്നത്.

രോമാഞ്ചത്തിന് ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ആശാന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, അബിന്‍ ബിനോ തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്ത് വന്നിരുന്നു.

നൂറ്റമ്പതോളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിമല്‍ ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് കിരണ്‍ ദാസാണ്.

Content highlight: This is a tribute to Indrans; John Paul George as music director, song from ‘Aashani’ out

Latest Stories

We use cookies to give you the best possible experience. Learn more