| Thursday, 14th May 2026, 6:58 pm

ഇത് ദൈവദത്തമായ ഉത്തരവാദിത്തം; പൊതുപ്രവർത്തനത്തിന്റെ നിർവചനം മാറ്റിയെഴുതും; നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: ഹൈക്കമാന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വലിയ ഉത്തരവാദിത്തമാണ് തന്നിൽ അർപ്പിതമായിരിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരും ടീം യു.ഡി.എഫായി നിന്ന നേതാക്കളുമാണ് ഈ വിജയത്തിന് കാരണമെന്നും സതീശൻ പറഞ്ഞു.

പത്ത് വർഷത്തെ ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് ജനങ്ങൾ യു.ഡി.എഫിനെ തെരഞ്ഞെടുത്തതെന്നും പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പൂർണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും പുതുയുഗത്തിന് തുടക്കമിടാനും ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യും. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും നിർവചനം ജനങ്ങൾക്കു വേണ്ടി അർപ്പണബോധത്തോടെ ചെയ്യുന്ന പ്രവർത്തിയാണെന്ന് ഞങ്ങൾ മാറ്റിയെഴുതും,’ നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, ദൈവിക നിയോഗമായിട്ടാണ് ഇപ്പോൾ ലഭിച്ച സ്ഥാനത്തെ കാണുന്നതെന്നും വലിയ വിജയത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് എ.ഐ.സി.സിയും കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണെന്നും വിജയത്തിൽ അദ്ദേഹത്തിന്റെ പിന്തുണ നിർണായകമായെന്നും വി.ഡി സതീശൻ പറഞ്ഞു.

കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന രമേശ് ചെന്നിത്തലയ്ക്കും വിജയത്തിൽ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉൾപ്പെടെയുള്ളവർക്ക് വിജയത്തിൽ പങ്കുണ്ടെന്നും എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും. നമ്മുടെ കേരളത്തെ രക്ഷിച്ചെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവരും ചേർന്നുള്ള പ്രവർത്തനത്തിലൂടെ മാത്രമെ സാധിക്കൂവെന്നും അദ്ദേഹം കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘ടീം യു.ഡി.എഫായി ഒരു പാർട്ടിയെ പോലെയാണ് പ്രവർത്തിച്ചത്. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പി.ജെ ജോസഫും എൻ.കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും സി.പി. ജോണും രാജൻ ബാബുവും മാണി സി കാപ്പനും അനൂപ് ജേക്കബും ഉൾപ്പെടെയുള്ളവർ ഒറ്റ പാർട്ടി പോലെയാണ് പ്രവർത്തിച്ചത്. അവർ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ഉപദേശിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇനിയും മുന്നോട്ട് പോകും,’ സതീശൻ കൂട്ടിച്ചേർത്തു.

മന്ത്രിമാരെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും സത്യപ്രതിജ്ഞ തീയതി എല്ലാ മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: This is a God-given responsibility; The definition of public service will be rewritten; Chief Minister-designate V.D. Satheesan

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more