വാഷിങ്ടണ്‍: ഇന്ത്യയിലെ വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എയില്‍ നിര്‍ദേശിച്ച ഭേദഗതി ക്രൈസ്തവ സമൂഹത്തിനെതിരായ വ്യക്തമായ ആക്രമണമാണെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം റൈലി മൂര്‍. നിര്‍ദിഷ്ട നിയമം ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വെസ്റ്റ് വിര്‍ജീനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗമായ ഇദ്ദേഹം ഭേദഗതിയില്‍ വരുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന് ക്രിസ്ത്യന്‍ പള്ളികളുടെയും ചാരിറ്റികളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കുമെന്നും പറഞ്ഞു.
‘ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുദ്ധാരണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ക്രിസ്ത്യാനികള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഇത്രയും നീണ്ട ക്രിസ്തീയ ചരിത്രം ഉണ്ടായിരുന്നിട്ടും, പളളികളും മതപരമായ ചാരിറ്റികളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ അനുവദിക്കുന്നതിനായി എഫ്.സി.ആര്‍.എയിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പരിഗണിക്കുകയാണെന്ന് മൂര്‍ തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ഇത് ക്രിസ്ത്യാനികള്‍ക്കെതിരായ വ്യക്തമായ ആക്രമണമാണ്, ഈ ബില്‍ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ഇന്ത്യയുമായുള്ള നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് പ്രധാന ആശങ്കയായി മാറുമാറും,’ അദ്ദേഹം പറഞ്ഞു.
എഫ്.സി.ആര്‍.എയില്‍ വരുന്ന മാറ്റം
ഒരു സ്ഥാപനത്തിന്റെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കുകയോ പുതുക്കാത്തതിന് ശേഷം കാലാഹരണപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഒരു ‘നിയുക്ത അതോറിറ്റി’ രൂപികരിക്കുകയെന്നാണ് വിദേശ സംഭാവന ബില്‍ 2026 നിര്‍ദേശിക്കുന്നത്.
ആരാധനാലയങ്ങളുടെ സ്വത്തുക്കളുടെ കാര്യത്തില്‍ അവയുടെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പാക്കണമെന്ന് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ആവശ്യപ്പെടുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
നിയമ ലംഘനങ്ങള്‍ക്ക് പരമാവധി ശിക്ഷ അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറയ്ക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
Content Highlight: ‘This is a clear attack on Christians’; US lawmaker expresses concern over FCRA.