ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ തീവ്രഹിന്ദുത്വ വാദികളുടെ ആക്രമണത്തില്‍ നിന്നും മുസ് ലിം കടയുടമയെ രക്ഷിച്ച് ഹീറോയായി മാറിയ മുഹമ്മദ് ദീപക്കുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മുഹമ്മദ് ദീപക്കെന്ന് അറിയപ്പെടുന്ന ദീപക് കുമാറിന്റെ ധൈര്യവും ഐക്യബോധവും എല്ലാ ഇന്ത്യക്കാര്‍ക്കും മാതൃകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്നതാണ് ഭാരതീയത, അതുതന്നെയാണ് സ്‌നേഹത്തിന്റെ കട. ഉത്തരാഖണ്ഡില്‍ നിന്നുള്ള സഹോദരന്‍ ‘മുഹമ്മദ് ദീപക്കി’നെ കണ്ടു. ഇതുപോലുള്ള ഐക്യത്തിന്റെയും ധൈര്യത്തിന്റെയും തീ ജ്വാലയാണ് ഇന്ത്യയിലെ എല്ലാ യുവാക്കളിലും ഉണ്ടാകേണ്ടത്,’ രാഹുല്‍ ഗാന്ധി ദീപക്കുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
കോട്ദ്വാറില്‍ 70കാരനായ മുസ്ലിം വ്യാപാരിയെ കടയുടെ പേരില്‍ നിന്നും ‘ബാബ’ എന്ന പേര് നീക്കണമെന്ന ആവശ്യവുമായി തടിച്ചുകൂടിയ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
ഈ ആക്രമണത്തില്‍ നിന്നും വ്യാപാരിയെ രക്ഷപ്പെടുത്തിയാണ് ദീപക് താരമായത്.
ആക്രമണം തടഞ്ഞ ദീപക്കിന് നേരെ ആള്‍ക്കൂട്ടം തിരിയുകയും അദ്ദേഹത്തിന്റെ മതം തിരിച്ചറിയുന്നതിനായി പേരെന്താണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപക് കുമാര്‍ നല്‍കിയ ‘മുഹമ്മദ് ദീപക്’ എന്ന മറുപടിയുടെ വീഡിയോ പുറത്തെത്തിയത് വലിയ ചര്‍ച്ചയാവുകയായിരുനന്നു.
അതേസമയം, സോഷ്യല്‍മീഡിയ ദീപക്കിനെ ഹീറോയായി അവതരിപ്പിക്കുമ്പോഴും ഭീഷണിയുമായി ബജ്രംഗ് ദളും ഹിന്ദു രക്ഷാ ദളും രംഗത്തെത്തിയിരുന്നു. ദീപക്കിന് നേരെ ജനുവരി 31ന് ബജ്രംഗ് ദളിന്റെ ആക്രമണശ്രമവുമുണ്ടായി.
ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞെന്ന പേരില്‍ ദീപക്കിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസുമെടുത്തിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജിം ട്രെയിനറായ ദീപക്കിന്റെ ജിമ്മില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ അംഗത്വം ഉപേക്ഷിച്ചിരുന്നു.
തുടര്‍ന്ന് ദീപക് സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടെങ്കിലും സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരും ദീപക്കിന്റെ ജിമ്മില്‍ വാര്‍ഷിക മെമ്പര്‍ഷിപ്പെടുത്ത് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
Content Highlight: This flame of courage should be in every Indian youth; Rahul Gandhi praises ‘Mohammad Deepak’