| Tuesday, 5th May 2026, 12:39 pm

ഈ തെരഞ്ഞെടുപ്പ് ബി.ജെ.പി വിജയിച്ചതല്ല, മോഷ്ടിക്കപ്പെട്ടത്; നമ്മള്‍ മമതയ്‌ക്കൊപ്പം നില്‍ക്കണം: കബില്‍ സിബല്‍

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ വിമര്‍ശനവുമായി രാജ്യസഭാ എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍.

ബി.ജെ.പി തെരഞ്ഞെടുപ്പ് ജയിച്ചതല്ല, മോഷ്ടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ തോല്‍പ്പിച്ചത് ബി.ജെ.പി അല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രവര്‍ത്തനങ്ങളാണെന്നും കബില്‍ സിബല്‍ പറഞ്ഞു.

‘പശ്ചിമ ബംഗാളില്‍ ടി.എം.സി യെ തോല്‍പ്പിച്ചത് ബി.ജെ.പിയല്ല. മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സേനയും, 25 ലക്ഷം വോട്ടര്‍മാരുടെ വോട്ടര്‍വകാശം നിഷേധിച്ചതുമാണ്. ഈ തെഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടതാണ്, വിജയിച്ചതല്ല. നമ്മള്‍ മമതയ്‌ക്കൊപ്പം നില്‍ക്കണം,’ അദ്ദേഹം പറഞ്ഞു.

13 വര്‍ഷത്തെ ബംഗാളിലെ തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബി.ജെ.പി വലിയ വിജയമാണ് നേടിയിരിക്കുന്നത്. ബി.ജെ.പി നൂറിലധികം സീറ്റുകള്‍ കൊള്ളയടിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ കമ്മീഷനാണെന്നും മമത ബാനര്‍ജി ആരോപിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ബി.ജെ.പി നൂറിലധികം സീറ്റുകള്‍ കൊള്ളയടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ കമ്മീഷനാണ്. ഞാന്‍ സി.ഒയ്ക്കും മനോജ് കുമാറിനും പരാതി നല്‍കി. പക്ഷേ അവര്‍ ഒന്നും ചെയ്തില്ല. ഇതൊരു വിജയമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, ഇതൊരു അധാര്‍മിക വിജയമാണ്,’ മമത പറഞ്ഞു.

കേന്ദ്രസേനയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ചെയ്തതെല്ലാം നിയമവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. ഇത് കൊള്ളയാണെന്നും തങ്ങള്‍ തിരിച്ചടിക്കുമെന്നും മമത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

293 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 201 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 81 സീറ്റുകളില്‍ മാത്രമാണ് ഭരണകക്ഷിയായ തൃണമൂലിന് നേടാനായത്.

Content Highlight: This election was not won by BJP, it was stolen; we should stand with Mamata: Kabir Sibal

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more