| Wednesday, 23rd April 2025, 9:28 am

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം തിരുവാതുക്കൾ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ് അറസ്റ്റിൽ. തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മാളയിലെ ഒരു കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ.

കേസിൽ പ്രതി അമിത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകം നടത്താൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി ലഭിച്ചിരുന്നു.

അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റും കോടലിയിലെ ഫിംഗർ പ്രിന്റും മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്

അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ അമിത് വിജയകുമാറിന്റെയും മീരയുടെയും വീട്ടിൽ ജോലിക്ക് നിന്നിരുന്നു. അന്ന് അവിടെ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ഈ ഫോൺ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. സംഭവം കണ്ടുപിടിച്ച വിജയകുമാർ പ്രതിയെ പൊലീസിൽ പിടിച്ച് കൊടുക്കുകയും ചെയ്തിരുന്നു. ജാമ്യത്തിനെടുക്കാൻ ആരും ഇല്ലാതിരുന്നതിനാൽ അഞ്ച് മാസത്തോളം അമിത് ജയിലിൽ കഴിഞ്ഞു. ഇതൊക്കെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തി എന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കേറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്ത് അകത്ത് കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

Content Highlight: Thiruvathukkal double murder; Accused Amit arrested

We use cookies to give you the best possible experience. Learn more