| Wednesday, 27th August 2025, 11:53 am

'കോടതിക്ക് ഹൃദയമില്ലേ'; ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷന്‍ ഉരുട്ടിക്കൊല കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയുടെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കി.

അന്വേഷണത്തില്‍ സി.ബി.ഐക്ക് വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസില്‍ ആരോ പിന്നില്‍ നിന്ന് കളിച്ചെന്നും കോടതിയ്ക്ക് ഹൃദയമില്ലേയെന്നും ഉദയകുമാറിന്റെ അമ്മ മാധ്യമങ്ങളോട് ചോദിച്ചു.

‘ആരാണ് ഇതിന് പിന്നില്‍ എന്നറിയില്ല. അവര്‍ക്ക് ശിക്ഷ കിട്ടണം. ഇവര്‍ പുറത്തിറങ്ങാന്‍ പാടില്ല. ഹൈക്കോടതി ഇത് പറയും. കോടതിയ്ക്ക് കണ്ണ് കണ്ടുകൂടായിരുന്നോ.

എന്റെ മകന്റെ തുടയില്‍ 22 മുറിവാണ് ഉണ്ടായിരുന്നത്.  ഉള്ളം കാല് കണ്ടാല്‍ ബോധംകെട്ട് വീഴും. കോടതി പറഞ്ഞത് പ്രതികള്‍ കുറ്റക്കാരനല്ലെന്നാണോ. അപ്പോള്‍ ആര്‍ക്കും എന്തും ചെയ്യാമെന്നല്ലേ.

ഹൃദയം എന്ന് പറഞ്ഞ സാധനമുണ്ടല്ലോ. അതില്ലാത്തവര്‍ എത്രയോ പേര്‍ ഈ ലോകത്തുണ്ട്. ആര്‍ക്കും ഇന്ന് ഹൃദയം ഇല്ലെന്നാണ് തോന്നുന്നത്. ഒരു കോടതിയ്ക്കും ഹൃദയം ഇല്ല.

അതുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു വിധിയുണ്ടാകുമായിരുന്നില്ല. എന്റെ മകനെ കോടതി കണ്ടില്ലേ. അവന്റെ മുറിവേറ്റ കാലുകള്‍ കോടതി കണ്ടില്ലേ. ഇതില്‍ ആരോ കള്ളക്കളി കളിക്കുന്നുണ്ട്.

ഇതിന് പിറകില്‍ ഉറപ്പായും ചില ആളുകളുണ്ട്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. പെട്ടെന്നൊന്നും പ്രതികളെ വെറുതെ വിടരുതെന്ന് മാത്രമേ പറയാനുള്ളൂ,’ ഉദയകുമാറിന്റെ അമ്മ പറഞ്ഞു.

2005 സെപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ സ്‌ക്വാഡിലുള്ള പൊലീസുകാരായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.

Content Highlight: Thiruvananthapuram Udayakumar Custody Death Case Highcourt Verdict

We use cookies to give you the best possible experience. Learn more