| Thursday, 6th November 2025, 12:20 pm

അടിയന്തര ശസ്ത്രക്രിയക്ക് കാത്തിരുന്നത് അഞ്ച് ദിവസം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗി മരിച്ച സംഭവം ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം. കൊല്ലം പന്മന സ്വദേശി വേണു (48) മരിച്ച സംഭവത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച വേണുവിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. ബുധനാഴ്ചയാണ് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ വേണു മരണപ്പെട്ടത്.

കൊല്ലം ജില്ലാ ആശുപത്രയില്‍ നിന്നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അടിയന്തരമായ ആന്‍ജിയോഗ്രാം നടത്താനായിരുന്നു നിര്‍ദേശിച്ചിരുന്നത്. അഞ്ച് ദിവസം പിന്നിട്ടിട്ടും ശസ്ത്രക്രിയ നടത്തിയിരുന്നില്ല.

താന്‍ മരിച്ചാല്‍ അതിനുകാരണം ആശുപത്രിയുടെ അനാസ്ഥയായിരിക്കുമെന്ന് പറയുന്ന വേണുവിന്റെ ശബ്ദസന്ദേശവും കുടുംബം പുറത്തുവിട്ടു.

എമര്‍ജന്‍സി പേഷ്യന്റ് ആണെന്ന് പറഞ്ഞ് വെള്ളിയാഴ്ച കൊണ്ടുപോയതാണ്. അഞ്ച് ദിവസമിരുന്നിട്ടും അവര്‍ നോക്കിയില്ല. അതുകൊണ്ടാണ് ഈ ശബ്ദ സന്ദേശമയച്ചതെന്ന് വേണുവിന്റെ സഹോദരന്‍ പ്രതികരിച്ചു.

ബുധനാഴ്ചയും ആന്‍ജിയോഗ്രാം ചെയ്തില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ ‘ഞാന്‍ നോക്കുന്ന രോഗിയല്ല നിങ്ങള്‍, എനിക്ക് നോക്കാനാവുന്ന രോഗിയെ മാത്രമെ നോക്കാനാവൂ’, എന്ന് ഡോക്ടര്‍ പറഞ്ഞെന്നും കുടുംബം ആരോപിച്ചു.
ഡോക്ടര്‍ കുറിച്ച മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്നാണ് നഴ്‌സ് പറഞ്ഞതെന്നും വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു.

അതേസമയം, വേണുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. രോഗിക്ക് ചികിത്സ നല്‍കിയിരുന്നു. ആന്‍ജിയോഗ്രാം ചെയ്യാനുള്ള അവസ്ഥയായിരുന്നില്ല രോഗിക്ക്.

ഒന്നാം തീയതിയെത്തിയ രോഗിയുടെ പരിശോധന പൂര്‍ത്തിയാക്കി ചികിത്സ നല്‍കിയിരുന്നു, മൂന്നാം തീയതി കാര്‍ഡിയോളജി വിഭാഗം പരിശോധിച്ചു. ആവശ്യമായ ഇഞ്ചക്ഷനും നല്‍കി. ഇഞ്ചക്ഷന് പിന്നാലെ ആന്‍ജിയോഗ്രാം ചെയ്യാനാകില്ലായിരുന്നു.

കൂടാതെ, ആശുപത്രിയില്‍ വെച്ച് കുടുംബം പരാതി ഉന്നയിച്ചിരുന്നില്ലെന്നും അടിസ്ഥാന രഹിതമാണ് ആരോപണങ്ങളെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Thiruvananthapuram Medical College medical negligence allegation; complaint to Chief Minister

We use cookies to give you the best possible experience. Learn more