| Friday, 1st August 2025, 8:50 pm

അടിയന്തര സാഹചര്യങ്ങളെ കുറിച്ചുള്ള ഡോ. ഹാരിസിന്റെ രേഖാമൂലമുള്ള അറിയിപ്പുകള്‍ കണ്ടെത്താനായില്ല: അന്വേഷണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡോ. ഹാരിസിന്റെ ഉദ്ദേശം നല്ലതാണെങ്കില്‍ കൂടി പെരുമാറ്റച്ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. പ്രധാനമായും അഞ്ച് കണ്ടെത്തലുകളാണ് അന്വേഷണ സമിതി മുന്നോട്ടുവെക്കുന്നത്. വകുപ്പുമേധാവികള്‍ക്ക് തെറ്റായ ചില പൊതുധാരണകളുണ്ടെന്നും അത് അന്വേഷണത്തിലൂടെ മനസിലാക്കാന്‍ കഴിഞ്ഞുവെന്നും അന്വേഷണ സമിതി പറയുന്നു.

വിദഗ്ധ സമിതിയുടെ കണ്ടെത്തലുകള്‍

1. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 പ്രകാരം, പ്രത്യേക അനുമതിയില്ലാതെ സര്‍ക്കാര്‍ നയങ്ങളേക്കുറിച്ചോ പ്രവര്‍ത്തനങ്ങളേക്കുറിച്ചോ അഭിപ്രായ പ്രകടനം നടത്താന്‍ ജീവനക്കാര്‍ക്ക് അനുവാദമില്ല.

തൊഴില്‍പരമായ അച്ചടക്കം നിലനിര്‍ത്തിയും താത്പര്യ വൈരുദ്ധ്യങ്ങള്‍ ഒഴിവാക്കിയും പൊതുസേവനത്തിന്റെ സത്യനിഷ്ഠ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. വ്യക്തിതാത്പര്യങ്ങള്‍ക്ക് ഉപരിയായി സത്യസന്ധത, സുരക്ഷിതത്വം, ഉത്പാദനക്ഷമത എന്നിവയിലൂന്നിയ പെരുമാറ്റച്ചട്ടം പാലിക്കണം. ആയതിനാല്‍ ഡോ. ഹാരിസിന്റെ ഉദ്ദേശം നല്ലതാണെങ്കില്‍ കൂടിയും പെരുമാറ്റച്ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സമിതിയുടെ ആദ്യത്തെ കണ്ടെത്തല്‍.

2. ഈ സംഭവത്തിലെ പ്രധാന വിഷയം ന്യൂമാറ്റിക് ലിതോക്ലാസ്റ്റ് പ്രോബിന്റെ സമയബന്ധിതമായ ലഭ്യതയാണ്. ആശുപത്രി വികസന സമിതി സെക്രട്ടറിക്ക് തുക അനുവദിക്കാന്‍ തക്കതായ അനുവാദമില്ലാതിരുന്നത്, അനിവാര്യമായ ഭരണാനുമതിക്കായി കാത്തുനിന്നത്, ഈ സമയം ചികിത്സാ ഉപകരണത്തിന് വില കൂടിയത് എന്നീ മൂന്ന് കാരണങ്ങളാണ് വൈകലിന് ഇടയാക്കിയതെന്നും അന്വേഷണ സമിതി പറയുന്നു.

3. അടിയന്തര സാഹചര്യത്തെക്കുറിച്ചും ആവശ്യത്തെക്കുറിച്ചും ബന്ധപ്പെട്ടവരെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു എന്നാണ് യൂറോളജി വിഭാഗം മേധാവി അവകാശപ്പെടുന്നത്. എന്നാല്‍, ഇത് കാണിക്കുന്ന രേഖാമൂലമുള്ള അറിയിപ്പോ ഇ-മെയിലോ അന്വേഷണ സമിതിക്ക് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫയലുകളും നടപടിക്രമങ്ങളും പിന്തുടരാന്‍ തന്റെ സയന്റിഫിക് അസിസ്റ്റന്റിന്റെ സേവനമാണ് തേടിയതെന്നാണ് ഡോ. ഹാരിസ് പറയുന്നത്. എന്നാല്‍ അവര്‍ ആശുപത്രി വികസന സമിതിയുടെ സ്റ്റാഫ് ആണെന്നും അത് അവരുടെ ജോലി തന്നെയാണെന്നും ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാട്ടി. അടിയന്തര ചികിത്സാ നിര്‍വഹണം ഉള്‍പ്പെടെ ഈ വിഷയത്തില്‍ വകുപ്പ് മേധാവിയില്‍ നിന്ന് വ്യക്തിപരമായോ ഔദ്യോഗികപരമായോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയെന്നും അന്വേഷണ സമിതി പറയുന്നു.

4. ഡോ. ഹാരിസ് ആശുപത്രിയില്‍ ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്ന് തുറന്നുപറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ, യൂറോളജി രണ്ട് യൂണിറ്റ് സമാനമായ ചികിത്സ നല്‍കിയിരുന്നു. ഇത് അതേ ഡിപ്പാര്‍ട്മെന്റില്‍ തന്നെ ബദല്‍ സംവിധാനം ഉണ്ടായിരുന്നിട്ടും വിനിയോഗിച്ചില്ല എന്നാണ് വ്യക്തമാക്കുന്നതെന്നും വിദഗ്ധ സമിതി അവകാശപ്പെട്ടു.

5. കേസിലെ രോഗി കാസ്പ് ഗുണഭോക്താവാണ്. നടപടിപ്രകാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സമയത്ത് തന്നെ പ്രോബ് ലഭ്യമാക്കിയിരുന്നേനെയെന്ന് പി.ആര്‍.ഒ ഉറപ്പുനല്‍കുന്നു. പക്ഷെ, ഇത്തരം ചികിത്സാ ഉപകരണങ്ങള്‍ പദ്ധതിയുടെ സാമ്പത്തിക പരിമിതികള്‍ മൂലം കാസ്പിലൂടെ ലഭ്യമാകില്ല എന്ന പൊതുധാരണയാണ് വകുപ്പ് മേധാവികള്‍ക്ക് ഉണ്ടായിരുന്നത്. യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ്, സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ട്രോളജി മേധാവി എന്നിവരുടെ മൊഴിയില്‍ നിന്ന് ഇക്കാര്യം മനസിലാക്കാനായെന്നുമാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

അതേസമയം മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് എഴുതിയ കത്ത് ഡോ. ഹാരിസ് പുറത്തുവിട്ടിരുന്നു. ആരോഗ്യ സെക്രട്ടറിയുടെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള കത്ത് അടിക്കാനുള്ള പേപ്പര്‍ പോലുമില്ലെന്ന് ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് അറിയില്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.

Content Highlight: Dr. Harris’ written notices about emergencies could not be found; Inquiry Committee

We use cookies to give you the best possible experience. Learn more