തിരുവനന്തപുരം: തന്റെ ഔദ്യോഗിക ജീവിതത്തില്‍ പിന്തുണ നല്‍കിയവര്‍ക്ക് നന്ദിയറിയിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം തന്നെ സംബന്ധിച്ച് അതിപ്രധാനമാണെന്നും നട്ടാല്‍ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകര്‍ത്ത് മുടവന്മുകളിലെ ജനങ്ങള്‍ തന്നെ സംരക്ഷിച്ചത് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും ആര്യ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം.
പ്രതിസന്ധികള്‍ മറികടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം നല്‍കിയത് ഈ സര്‍ക്കാരാണെന്നും ആര്യ കുറിച്ചു. പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ നല്ലൊരു ഉദാഹരണമുണ്ടെന്ന് തോന്നുന്നില്ലെന്നും മേയര്‍ പറയുന്നു.
‘രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള UN-Habitat അവാര്‍ഡ് നമ്മുടെ നഗരത്തിന് ലഭിക്കുമ്പോള്‍ എന്റെ പേരിനൊപ്പം ”തിരുവനന്തപുരം ഇന്ത്യ” എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മികച്ച നഗരസഭ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും തുടങ്ങി വിവിധ അവാര്‍ഡുകള്‍ ചരിത്രത്തിലാദ്യമായി നമ്മുടെ നഗരത്തിന് നേടാനായി. അതിന് നേതൃത്വം നല്‍കാന്‍ ഈ ഭരണസമിതിയ്ക്ക് സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്,’ ആര്യ രാജേന്ദ്രന്‍ കുറിച്ചു.
പൊതുരംഗത്ത് തന്റെ ആദ്യപാഠശാലയായ ബാലസംഘത്തിലെയും സമരജീവിതത്തിന്റെ കരുത്ത് പകര്‍ന്ന് തന്നിലെ ആത്മബലത്തെ ഉരുക്കുപോലുറച്ചതാക്കിയ എസ്.എഫ്.ഐയിലെയും തന്റെ രാഷ്ട്രീയത്തെ മൂര്‍ച്ചയുള്ളതാക്കി തീര്‍ക്കാന്‍ ആശയകരുത്തായി ഒപ്പമുള്ള ഡി.വൈ.എഫ്.ഐയിലെയും സഖാക്കള്‍ക്കും ആര്യ നന്ദിയറിയിച്ചു.
പ്രായം കുറഞ്ഞൊരാളെ തലസ്ഥാനത്തിന്റെ മേയര്‍ എന്ന പദവിയിലേക്കെത്തിച്ച തന്റെ പാര്‍ട്ടിയുടെ തീരുമാനത്തെ അനുകൂലിച്ചവരെയും, പൊതു ഇടങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിരോധം തീര്‍ത്തവരെ മറക്കില്ലെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു.
ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, അന്തരിച്ച സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ.എം നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, വി ജോയി എന്നിവര്‍ക്കും ആര്യ കുറിപ്പില്‍ നന്ദി പറയുന്നുണ്ട്.
നഗരസഭയ്ക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുന്ന ഇന്നോളം നേരില്‍ക്കണ്ടിട്ടില്ലാത്ത സഖാക്കളേ കുറിച്ചും നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച മാധ്യമങ്ങളെ കുറിച്ചും ആര്യ പരാമര്‍ശിച്ചു.
മഴപെയ്താല്‍ ചോര്‍ന്നോലിക്കുന്ന ഒരു വീട്ടില്‍ നിന്നും 21 വയസുള്ള പെണ്‍കുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി ചരിത്രമെഴുതുമ്പോള്‍ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാര്‍ട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന് ചരിത്രം പറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്യയുടെ കുറിപ്പ് അവസാനിക്കുന്നത്.
Content Highlight: Thiruvananthapuram Mayor Arya Rajendran thanks those who supported him in his official career