| Wednesday, 11th March 2026, 9:57 am

അയ്യങ്കാളി ചിത്രത്തിന് മുന്നില്‍ മാലിന്യ സംഭരണി സ്ഥാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; നീക്കം ചെയ്ത് പി.കെ.എസ് പ്രവര്‍ത്തകര്‍

അനിത സി

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ചിത്രത്തെ അവഹേളിക്കുന്ന നടപടിയുമായി ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍.

മാനവീയം വീഥിയിലെ അയ്യങ്കാളിയുടെ ചുമര്‍ ചിത്രത്തിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന മാലിന്യ സംഭരണി സ്ഥാപിച്ച കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ജനരോഷം ഉയര്‍ന്നു.

പഞ്ചമിയുമായി സ്‌കൂളിലേക്ക് പോകുന്ന അയ്യങ്കാളിയുടെ ചിത്രത്തിന് മുന്നിലായാണ് കോര്‍പ്പറേഷന്‍ മാലിന്യ ബിന്‍ സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച പട്ടികജാതി ക്ഷേമ സമിതി(പി.കെ.എസ്) പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രകടനമായി എത്തിയ പി.കെ.എസ് പ്രവര്‍ത്തകര്‍ മാലിന്യ ബിന്‍ തകര്‍ക്കുകയും മറ്റൊരിടത്തേക്ക് നീക്കം ചെയ്യുകയും ചെയ്തു. അയ്യങ്കാളിയുടെ ചിത്രത്തിന് മുന്നില്‍ ഇത്തരത്തിലൊരു മാലിന്യ ബിന്‍ സ്ഥാപിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് പി.കെ.എസ് ചൂണ്ടിക്കാണിച്ചു.

അയ്യങ്കാളിയുടെ ചിത്രത്തിന് മുന്നിലല്ല മാലിന്യ ബിന്‍ സ്ഥാപിക്കേണ്ടതെന്നും മറ്റൊരു ഇടം കോര്‍പ്പറേഷന് കണ്ടെത്താമായിരുന്നുവെന്നും പി.കെ.എസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് മാപ്പ് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മേയറും കോര്‍പ്പറേഷനും പ്രതികരിച്ചിട്ടില്ല.

മുമ്പത്തെ കോര്‍പ്പറേഷന്‍ ഭരണസമിതി സ്ഥാപിച്ച ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ പുതിയ കോര്‍പ്പറേഷന്‍ ഭരണസമിതി വീഴ്ച വരുത്തുന്നുണ്ടെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

മാനവീയത്തിലെ മാലിന്യ ബിന്‍ നടപ്പാത കയ്യേറിയാണ് സ്ഥാപിച്ചിരുന്നത്. ഇത് വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നാലെ പരിസരത്ത് നിറഞ്ഞ മാലിന്യങ്ങള്‍ ഈ ബിന്നിലേക്ക് നിക്ഷേപിക്കുകയും ചുറ്റുപാടും വൃത്തികേടായി തന്നെ നിലനിര്‍ത്തുകയും ചെയ്ത കോര്‍പ്പറേഷന്റെ നടപടിയും വിമര്‍ശനത്തിന് കാരണമായി.

കൂടാതെ, മുമ്പത്തെ കോര്‍പ്പറേഷന്‍ ഭരണസമിതി സ്ഥാപിച്ച ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ പുതിയ കോര്‍പ്പറേഷന്‍ ഭരണസമിതി വീഴ്ച വരുത്തുന്നുണ്ടെന്ന വിമര്‍ശനവും ശക്തമായി.

നിലവില്‍, വിവിധ സമരങ്ങളുടെ ഭാഗമായി മാനവീയം വീഥിയിലെത്തുന്നവര്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ ഇവിടെ അലക്ഷ്യമായി ചിതറിക്കിടക്കുകയാണ്. പൊതുസ്ഥലം മാലിന്യ മുക്തമായി പരിപാലിക്കാനുള്ള നീക്കങ്ങളും കോര്‍പ്പറേഷന്‍ നടത്തുന്നില്ല.

മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാമായിരുന്നിട്ടും മാലിന്യ ബിന്‍ സ്ഥാപിക്കുക മാത്രമാണ് കോര്‍പ്പറേഷന്‍ ചെയ്തത്. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഉപേക്ഷിച്ച ചപ്പുചവറുകളും ഇവിടെ കൂടിക്കിടന്നിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവ നീക്കം ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നു.

Content Highlight: Thiruvananthapuram Corporation installed a garbage dump in front of Ayyankali wall picture; PKS activists removed it

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more