| Saturday, 13th September 2025, 11:17 pm

സുസ്ഥിര വികസന പദ്ധതി; തിരുവനന്തപുരം നഗരസഭയ്ക്ക് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ആദരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: തിരുവനന്തപുരം നഗരസഭയ്ക്ക് സുസ്ഥിര വികസന പദ്ധതിത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ക്ക്  വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ആദരം. യു.കെ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

‘സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്’ ഏറ്റുവാങ്ങിയതായി മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. നേരത്തെ കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം നഗരസഭ യു.എന്‍ ഹാബിറ്റാറ്റ് അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

ഈ അംഗീകാരം നേടിയ ഇന്ത്യയിലെ ഏക നഗരസഭയാണ് തിരുവനന്തപുരം. നിലവില്‍ നഗരസഭയുടെ ബജറ്റിന്റെ 30 ശതമാനവും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി മാറ്റിവെച്ചതിന് ശേഷം നടത്തിയ പദ്ധതികളാണ് തിരുവനന്തപുരം നഗരസഭയെ വേള്‍ഡ് ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ എത്തിച്ചത്.

ദേശീയ തലത്തില്‍ 2070ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. 2023ലെ ബജറ്റില്‍ 2035 ആകുമ്പോള്‍ തിരുവനന്തപുരം നഗരസഭ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ സോളാര്‍ പദ്ധതികള്‍, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, ഗതാഗത പരിഷ്‌കരണം തുടങ്ങിയവ നഗരസഭ നടപ്പിലാക്കി വരുന്നുണ്ട്.

സോളാര്‍ സിറ്റി എന്ന അംഗീകാരവും നഗരസഭ നേടിയിരുന്നു. നഗരത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി 115 ഇലക്ട്രിക് ബസുകളും 100 ഇലക്ട്രിക് ഓട്ടോറിക്ഷകളും 35 ഇലക്ട്രിക് സ്‌കൂട്ടറുകളും നഗരസഭ വിതരണം ചെയ്തിരുന്നു.

ഗാര്‍ഹിക സോളാര്‍ റൂഫിങ്ങിനും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും 10,000 രൂപ സബ്സിഡി നല്‍കുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയായി മാറ്റി.

ഇതിനുപുറമേ 500 ലൈഫ് ഗുണഭോക്താക്കളുടെ വീടുകളില്‍ അനര്‍ട്ടിന്റെ സഹകരണത്തോടെ നഗരസഭ സോളാര്‍ പാനലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

Content Highlight: Sustainable development project; Thiruvananthapuram corporation honored by World Book of Records

We use cookies to give you the best possible experience. Learn more