| Thursday, 6th November 2025, 4:43 pm

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഭിന്നത, കോർ കമ്മിറ്റി സ്ഥാനം രാജിവെച്ച് മണക്കാട് സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത. നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് മണക്കാട് സുരേഷ് കോര്‍ കമ്മിറ്റി അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചു.

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന് രാജിക്കത്ത് കൈമാറുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനും രാജിക്കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഷജീറിനെയാണ് കോണ്‍ഗ്രസ് നേതൃത്വം നേമത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനെ ചൊല്ലി മണ്ഡലത്തിലെ കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം നിലനിന്നിരുന്നു.

തുടര്‍ന്നാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ മണക്കാട് സുരേഷിന്റെ രാജി. മണ്ഡലം കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചെങ്കിലും ജില്ലാ കോര്‍ കമ്മിറ്റിയിലെ അംഗത്വത്തില്‍ നിന്നും സുരേഷ് പിന്മാറിയിട്ടില്ല.

ജി.വി. ഹരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു സുരേഷിന്റെ ആവശ്യം. എന്നാല്‍ നേമം ഷജീറിനെയാണ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സമിതി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

താഴെ തട്ടില്‍ നിന്നുള്ള പേരുകളും ആവശ്യങ്ങളും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മണക്കാട് സുരേഷ് രാജിവെച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉപേഷ് സുഗതനും വിഴിഞ്ഞം മണ്ഡലം സെക്രട്ടറി വിനോദ് കുമാറും ഉള്‍പ്പെടെ അമ്പതിലധികം കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

40ലധികം വരുന്ന സ്ഥാനാത്ഥികളെ കെ. മുരളീധരന്‍ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നാണ് ആരോപണം. എം.എല്‍.എ എം. വിന്‍സെന്റിന്റെ ഏകാധിപത്യ മനോഭാവം ചൂണ്ടിക്കാട്ടി സണ്ണി ജോസഫിന് പ്രവര്‍ത്തകര്‍ കത്തെഴുകയും ചെയ്തിരുന്നു.

മുന്‍ എം.എല്‍.എയായ കെ.എസ്. ശബരീനാഥനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. കവടിയാര്‍ വാർഡിൽ നിന്നാണ് ശബരിനാഥന്‍ മത്സരിക്കുക.

ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെ.എസ്.യു വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ്, ത്രേസ്യാമ്മ തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ്. അനില്‍കുമാര്‍, നീതു വിജയന്‍, ഡി. അനില്‍കുമാര്‍, മേരി പുഷ്പം, ഉദയകുമാര്‍ എസ്. എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചമറ്റു പ്രമുഖ നേതാക്കള്‍.

ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും പോരായ്മയുണ്ടെങ്കില്‍ അടുത്ത പട്ടികയില്‍ പരിഗണനയുണ്ടാകുമെന്നും കെ. മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Content Highlight: Thiruvananthapuram Corporation elections; Manacaud Suresh resigns as Nemom constituency core committee president

We use cookies to give you the best possible experience. Learn more