| Saturday, 14th November 2026, 2:02 pm

പുഷ്പവതിയ്ക്ക് മാനവീയം വീഥിയില്‍ പാടാന്‍ അനുമതി നല്‍കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍: ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് സാംസ്‌കാരിക ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാനവീയം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗായിക പുഷ്പവതിയെ പങ്കെടുപ്പിച്ച് ശനിയാഴ്ച നടത്താനിരുന്ന സാംസ്‌കാരിക പരിപാടിയ്ക്ക് അനുമതി നിഷേധിച്ച് ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭ. കോര്‍പ്പറേഷന്റെ നടപടി അവിഷ്‌കാര സ്വാതന്ത്ര്യം തടയാനുള്ള നീക്കമാണിതെന്ന് ആക്ഷേപമുയര്‍ന്നു.

ഒക്ടോബര്‍ 16ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മ്യൂസിയം പൊലിസ് മൈക്രോഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെയാണ് മാനവീയം വീഥിയില്‍ കോര്‍പ്പറേഷന്‍ ഇടപെടാന്‍ തുടങ്ങിയത്. അന്ന് സാമൂഹിക പ്രവര്‍ത്തകനും നടനുമായ പ്രകാശ് രാജ് ഉള്‍പ്പെടെ അന്ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

തുടര്‍ന്ന് വീഥിയെ പ്രതിഷേധങ്ങളില്ലാത്ത ഇടമാക്കി മാറ്റുമെന്നും സാംസ്‌കാരിക പരിപാടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും കോര്‍പ്പറേഷന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സാംസ്‌കാരികപ്രവത്തകര്‍ രംഗത്തെത്തിയിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് പുഷ്പവതി പാടുന്നു എന്ന പേരില്‍ മാനവീയം രജതജൂബിലിയുടെ ഭാഗമായി ഗായികയുടെ പരിപാടി സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍ അതിന് കോര്‍പ്പറേഷന്‍ അനുമതി നല്‍കിയില്ല.

ഇത് രാഷ്ട്രീയ പകപോക്കലാണെന്നും എന്തിനാണ് പാട്ടിനെ അവര്‍ ഭയപ്പെടുന്നതെന്നും ഗായിക ചോദിച്ചു. സ്വതന്ത്രമായി മാനവീയം വീഥിയില്‍ സാംസ്‌കാരിക പരിപാടികള്‍ നടന്നുകൊണ്ടിരുന്ന സ്ഥലമായിരുന്നു അതെന്നും പുഷ്പവതി പറഞ്ഞു.

എന്നാല്‍ രജത ജൂബിലി ആഘോഷ സമിതിയില്‍ കോര്‍പ്പറേഷന്റെ പങ്കാളിത്തമില്ലെന്നും രജതജൂബിലി ആഘോഷിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മേയര്‍ വി.വി രാജേഷ് പറഞ്ഞു.

‘മേയര്‍ എന്ന നിലയില്‍ തീരുമാനമെടുക്കുമ്പോള്‍ ഏതെങ്കിലും ആധികാരിക രേഖ കാണണ്ടേ. അവകാശപ്പെടുന്നവര്‍ക്കെല്ലാം ഒപ്പിട്ടുകൊടുക്കാന്‍ പറ്റില്ല. പുഷ്പവതിയുടെ പേര് കേള്‍ക്കുന്നത് തന്നെ ഇപ്പോഴാണ്. മാനവീയത്തിന്റെ നടത്തിപ്പവകാശം സര്‍ക്കാര്‍ കോര്‍പ്പറേഷനെയാണ് എല്‍പ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ചത്. അവിടെ രജത ജൂബിലി സാംസ്‌കാരിക സമിതി ഉണ്ടെങ്കില്‍ കോര്‍പ്പറേഷനില്‍ എന്തെങ്കിലും രേഖ വേണ്ടെ? കോര്‍പ്പറേഷനില്‍ നിന്നുമുള്ള ആരുടെയെങ്കിലും പങ്കാളിത്തം വേണ്ടെ?’ വി.വി. രാജേഷ് ചോദിച്ചു.

കോര്‍പ്പറേഷന്‍ നടപടിയ്‌ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതികരിച്ചു. മാനവീയം വീഥിയിലെ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതില്‍ വിവേചനമുണ്ടെന്ന് കൂട്ടായ്മ പറഞ്ഞു. മുമ്പ് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയ്ക്ക് അനുമതി നല്‍കിയിരുന്നെന്നും എന്താണ് അനുമതിയ്ക്കുള്ള മാനദണ്ഡം എന്നുമാണ് സാംസ്‌കാരികപ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

മാനവീയം വീഥി സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടമാണെന്നും അവിടെ കലാകാരന്മാര്‍ക്ക് നിരോധനങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നത് ആശാസ്യകരമായ കാര്യമല്ലെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കോര്‍പ്പറേഷന്‍ നടപടി പുനപരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Thiruvananthapuram corporation  denies  permission to singer Pushpavathy’s programme at Manaveeyam Veedhi.

We use cookies to give you the best possible experience. Learn more