| Sunday, 21st December 2025, 2:54 pm

തിരുവനന്തപുരം കോര്‍പ്പറേഷന്‍; സത്യപ്രതിജ്ഞ ചടങ്ങില്‍ ഗണഗീതം പാടി ബി.ജെ.പി, ഭരണഘടന കയ്യിലേന്തി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍

രാഗേന്ദു. പി.ആര്‍

പേട്ട: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗണഗീതം പാടി ബി.ജെ.പി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞക്കെത്തിയ പ്രവര്‍ത്തകരാണ് ഗണഗീതം പാടിയത്. കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങിനിടെ ബി.ജെ.പിക്കാര്‍ ‘കവികൊടിയേന്തിയ സ്ത്രീ’യ്ക്ക് ജയ് വിളിക്കുകയും ചെയ്തു.

യു.ഡി.എഫ്-എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗണഗീതം പാടിയത്. ആ സമയം പ്രതികരിക്കാതിരുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബി.ജെ.പിക്കെതിരെ രംഗത്തെത്തി.

ബി.ജെ.പി വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കര്‍, ബി.ജെ.പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രവര്‍ത്തകരുടെ ഗാനാലാപനം.

ഭരണഘടനയുടെ ചെറുരൂപം ഉയര്‍ത്തിപ്പിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ മുന്‍ എം.എല്‍.എ കൂടിയായ കെ.എസ്. ശബരിനാഥന്‍ ഉള്‍പ്പെടെയാണ് ഭരണഘടനയുമായി സത്യപ്രതിജ്ഞ ചെയ്തത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 101 അംഗ കൗണ്‍സിലിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 50 സീറ്റില്‍ എന്‍.ഡി.എ വിജയം കണ്ടു. 29 സീറ്റില്‍ എല്‍.ഡി.എഫും 19 സീറ്റില്‍ യു.ഡി.എഫും വിജയിച്ചു. രണ്ട് ഡിവിഷനുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

വിഴിഞ്ഞം ഡിവിഷനില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. പുതിയ തെരഞ്ഞെടുപ്പ് തീയതി വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കും.

ഇന്ന് (ഞായര്‍) പത്ത് മണിയോടെ സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.

നഗരസഭയിലേക്കും മുന്‍സിലിറ്റികളിലേക്കുമുള്ള മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഈ മാസം 26ന് നടക്കും. പഞ്ചായത്തിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും നടക്കും.

Content Highlight: Thiruvananthapuram Corporation; BJP workers sang Ganageeth at the oath-taking ceremony

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more