മധുരൈ: തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ സുപ്രീംകോടതിയുടെ ജുഡീഷ്യല്‍ ഓവര്‍ റീച്ച് മൂലം സംസ്ഥാന സര്‍ക്കാരിന്‍രെ അധികാരങ്ങളും കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങളും നഷ്ടപ്പെട്ടതിനെക്കുറിച്ച് എന്തുകൊണ്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചോദ്യമുന്നയിച്ച് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍.
ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കഴിഞ്ഞ് തിങ്കളാഴ്ചയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നും സ്റ്റാലിന്‍ പരിഹാസരൂപേണ ചോദിച്ചു.
ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി സ്വയം ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയും അവരെ പഴിചാരാന്‍ അനുവദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഭരണശൈലിയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒരു ജില്ലാ കളക്ടറെപ്പോലും കല്‍ത്തൂണിലേക്ക് എണ്ണപ്പാത്രം ചുമക്കേണ്ട അവസ്ഥയിലെത്തിച്ചതാണ് മുഖ്യമന്ത്രിയുടെ ഭരണനൈപുണ്യമെന്നും സ്റ്റാലിന്‍ പരിഹസിച്ചു.
കോമഡി ഷോ പെര്‍ഫോമര്‍ മുഖ്യമന്ത്രിയായാല്‍ തമിഴ്‌നാട് രക്ഷപെടുമെന്ന് കരുതി ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയ ചേരിമാറ്റം നടത്തിയ പാര്‍ട്ടികള്‍, അദ്ദേഹത്തോട് അഭിപ്രായവും ഉത്തരവാദിത്തവും ചോദിക്കാതെ ഡി.എം.കെയെ മാത്രം ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും കുറിപ്പില്‍ ചോദിക്കുന്നു.
ജുഡീഷ്യല്‍ ഓവര്‍റീച്ച് വഴി സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് തടയാന്‍ അരനൂറ്റാണ്ടായി നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് ഡി.എം.കെ എന്നും അതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആരും പാഠം പഠിപ്പിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പറയുന്നു.
അധികാരത്തിലായാലും പ്രതിപക്ഷത്തായാലും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മതസൗഹാര്‍ദവും സംരക്ഷിക്കാന്‍ ഡി.എം.കെ എന്നും ഉറച്ചുനിന്ന് പോരാടുമെന്നും പാര്‍ട്ടി വിജയിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം ശനിയാഴ്ച തിരുപ്രംകുണ്ഡ്രത്തെ ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ വിളക്ക് തെളിയിച്ചിരുന്നു.
മലമുകളിലേക്ക് 50 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് സി.ആര്‍.പി.എഫിന്റെ സുരക്ഷയിലാണ് ദീപം തെളിയിച്ചത്. സുപ്രീം കോടതി നിയോഗിച്ച റിസീവര്‍മാരായിട്ടുള്ള ജഡ്ജിമാരുടെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ച് മണിയ്ക്കാണ് ദീപം തെളിയിച്ചത്.
കഴിഞ്ഞ 24ന് ദീപം തെളിയിക്കാനുള്ള നിര്‍ദേശം സുപ്രീം കോടതി നല്‍കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ അന്ന് അനുമതി നല്‍കിയിരുന്നില്ല എന്നുകാട്ടികൊണ്ട് കോടതിയലക്ഷ്യ ഹരജിയുമായി തീവ്രഹിന്ദുത്വ വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അതിനുശേഷം അനുമതി നല്‍കാത്തതില്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്കെതിരെയും തമിഴ്‌നാട് ഡി.ജി.പിക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനെല്ലാം പിന്നാലെയാണ് ശനിയാഴ്ച ദീപം തെളിയിക്കണമെന്ന നിര്‍ദേശം സുപ്രീം കോടതി നല്‍കിയത്.
Content Highlight: Thirupparankundram: Stalin criticizes the TVK administration