| Wednesday, 1st July 2026, 8:01 pm

മൂന്നാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; വെബ്സൈറ്റ് പ്രകാശനം ചെയ്തു

ആദർശ് എം.കെ.

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യൂ.എല്‍.എഫ്) മൂന്നാമത് എഡിഷന്‍ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്‍ വെബ്സൈറ്റിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കേരള കൃഷിവകുപ്പ് മന്ത്രിയും ഡബ്ല്യു.എല്‍.എഫ് രക്ഷാധികാരിയുമായ ശ്രീ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

എം.എല്‍.എമാരായ ശ്രീമതി ഉഷ വിജയന്‍, ശ്രീ. ഐ.സി. ബാലകൃഷ്ണന്‍, ഫെസ്റ്റിവല്‍ ഡയറക്ടറും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവം അരങ്ങേറുന്നത്. ബിനാലെ സങ്കല്‍പ്പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും.

വിവിധങ്ങളായ സംവാദങ്ങള്‍, സംഭാഷണങ്ങള്‍, വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സ് എന്നിവയ്ക്കൊപ്പം കാലാവസ്ഥാവ്യതിയാനം, കര്‍ഷകരുടെയും ആദിവാസികളുടെയും വിഷയങ്ങള്‍, ഉപജീവന അവകാശങ്ങള്‍ തുടങ്ങിയവയും ഈ വര്‍ഷത്തെ മേളയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. എഴുത്തുകാരന്‍ വി.എച്ച്. നിഷാദ്, പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ് എന്നിവരാണ് ഫെസ്റ്റിവല്‍ ക്യുറേറ്റര്‍മാര്‍.

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ശ്രീ. കെ.എസ്. ശബരീനാഥ്, കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിയാസ് പി.എം, എടവക പഞ്ചായത്ത് അംഗം ശ്രീ. ഷില്‍സണ്‍ മാത്യു, ഫെസ്റ്റിവല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖിന്‍ ശ്രീധര്‍, കണ്ടന്റ് മാനേജര്‍ അജിന്‍, വീഡിയോ ഹെഡ് നിധിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഡബ്ല്യു.എല്‍.എഫ് മൂന്നാമത് എഡിഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ 20ന് രാവിലെ 11 മണിക്ക് മാനന്തവാടി ദ്വാരകയില്‍ വെച്ച് കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്‍ നിര്‍വഹിക്കും.

ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ wlfwayanad.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Content Highlight: Third Wayanad Literature Festival; Website launched

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more