ന്യൂദല്‍ഹി: ഒമാന്‍ തീരത്ത് ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണം. ഒമാന്‍ തീരത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ കപ്പല്‍ ആക്രമണമാണിത്.
‘എംടി ജല്‍വീര്‍’ എന്ന ബിറ്റുമെന്‍ ടാങ്കറിന് നേരെയാണ് വ്യാഴാഴ്ച രാവിലെ ആക്രമണമുണ്ടായത്. അപകടത്തില്‍പ്പെട്ട കപ്പലില്‍ കുറഞ്ഞത് 20 ഇന്ത്യന്‍ നാവികരെങ്കിലും ഉണ്ടെന്നാണ് വിവരം.
ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ എഞ്ചിന്‍ റൂമിലും ഫണല്‍ ഭാഗങ്ങളിലും തീപിടുത്തമുണ്ടായതായാണ് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഇതുവരെ നല്‍കിയിട്ടില്ല.
ഇറാനെതിരെയുള്ള നാവിക ഉപരോധത്തിന്റെ ഭാഗമായി യു.എസ് നടത്തുന്ന ആക്രമണങ്ങളിലാണ് ഈ കപ്പലുകള്‍ അകപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച ‘എംടി സെറ്റെബെല്ലോ’ എന്ന കപ്പലിന് നേരെ യു.എസ് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. ഈ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇന്ത്യയിലെ യു.എസ് ചാര്‍ജ് ഡി അഫയേഴ്‌സ് ജേസണ്‍ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും, ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ യു.എസ് ഉള്‍പ്പെടെയുള്ള കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ ജൂണ്‍ 8 ന് ‘എംടി മാരിവെക്‌സ്’ എന്ന കപ്പലിന് നേരെയും യു.എസ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ അതിലുണ്ടായിരുന്ന 24 ഇന്ത്യന്‍ നാവികരെയും ഒമാന്‍ നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ കനത്ത ഉപരോധം മറികടന്ന് ഇറാനില്‍ നിന്നും എണ്ണ കൊണ്ടുവരുന്ന കപ്പലുകളെ ലക്ഷ്യമിട്ടാണ് യു.എസ് പ്രധാനമായും ആക്രമണം നടത്തുന്നത്. ഗിനി-ബിസൗ രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ട എം.ടി ജല്‍വീര്‍ സഞ്ചരിച്ചിരുന്നത്.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം മേഖലയില്‍ നിരവധി നാവികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
നിലവില്‍ ദുര്‍ബലമായ ഒരു വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുവിഭാഗങ്ങളും ആക്രമണങ്ങള്‍ തുടരുകയാണ്. ഇതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്.
Content Highlight: Third tanker hit off the coast of Oman, at least 20 Indian sailors believed to be on board