| Friday, 16th January 2026, 8:32 am

ചാറ്റുകൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാൻ; ഫെന്നി നൈനാനെതിരെ മൂന്നാം അതിജീവിത

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാനെതിരെ മൂന്നാം അതിജീവിത.

ഫെന്നി നൈനാൻ ചാറ്റുകൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്ന് അതിജീവിത പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ ശബ്ദ സന്ദേശത്തിലായിരുന്നു അതിജീവിതയുടെ പ്രതികരണം.

സംസാരിച്ച് തീർക്കാനായിരുന്നു തന്റെ ശ്രമമെന്നും ഫെനി നൈനാൻ പുറത്തുവിട്ടത് ചാറ്റിന്റെ ചെറിയ ഭാഗം മാത്രമാണെന്നും അവർ പറഞ്ഞു.

താൻ നേരത്തെ പരാതിപ്പെട്ടിരുന്നുവെങ്കിൽ മറ്റുള്ളവർ പെടില്ലായിരുന്നുന്നെന്നും വ്യക്തിഹത്യ നടത്തുന്നത് പരാതികൾ തടയാനാണെന്നും അതിജീവിത കൂട്ടിച്ചേർത്തു.

സുഹൃത്തിനൊപ്പമാണ് താൻ രാഹുലിനെ കാണാൻ പോയതെന്നും പല വിഷയങ്ങളിലും വ്യക്തത വരുത്താനും കൂടിയായിരുന്നു പോയതെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചാറ്റുകൾ പുറത്തുവിട്ടതിന് പിന്നാലെ രാഹുൽ പറഞ്ഞത് ഓഫീസിലേക്ക് വരണമെന്നും എന്നാൽ അതിജീവിതയുടെ ആവശ്യപ്രകാരമാണ് ഫ്ലാറ്റിലേക്ക് പോയതെന്നുമായിരുന്നു ഫെന്നി നൈനാൻ പറഞ്ഞിരുന്നത്.

എന്നാൽ പാലക്കാട്ടെ ഫ്ലാറ്റിലേക്ക് വരൻ പറഞ്ഞത് രാഹുലാണെന്നും അതിജീവിത വ്യക്തമാക്കി.

സമയം ചോദിച്ചത് വിശദമായി സംസാരിക്കാനാണെന്നും ഒപ്പം സുഹൃത്തും ഉണ്ടാവുമെന്നും താൻ പറഞ്ഞിരുന്നെന്നും അവർ പറഞ്ഞു. ട്രോമയിലായിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്‌തെന്നും കൂട്ടിച്ചേർത്തു.

രാഹുലിനെതിരായ ആരോപണങ്ങൾ ഉയർന്നു വന്നത് താൻ ചോദിച്ചപ്പോൾ, അത് വെറും രാഷ്ട്രീയമായി തകർക്കാനുള്ള ആരോപണങ്ങളാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

എന്നാൽ ആരോപണങ്ങളുടെ മൂർച്ച കൂടിയപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് കാണാമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തന്നെ അധിക്ഷേപിക്കാനായി ചാറ്റുകൾ വളച്ചൊടിക്കുകയാണെന്നും അവർ പറഞ്ഞു.

അതിജീവിതയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ചതിന് ഫെന്നി നൈനാനെതിരെ കഴിഞ്ഞ ദിവസമായിരുന്നു കേസെടുത്തത്.

പരാതിക്കാരിയുടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കിയതിലായിരുന്നു നടപടി. അതിജീവിതയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളാണ് ഫെന്നി നൈനാൻ പുറത്തുവിട്ടിരുന്നത്.

രാഹുലിന്റെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കഴിഞ്ഞ ദിവസം അവസാനിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല കോടതി ഇന്ന് പരിഗണിക്കും.

Content Highlight: Third survivor against Rahul Mangkootatil’s friend and Youth Congress leader Fenny Nainan

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more