തിരുവനന്തപുരം: നടന്‍ തിലകനെ താര സംഘടനയായ അമ്മയില്‍ നിന്ന് സസ്‌പെന്റ് ചെയ്ുതു. അമ്മക്കെതിരെ തിലകന്‍ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി നടത്തിയ പ്രസ്താവന സംഘടനയുടെ സല്‍പേരിനെ ബാധിച്ചുവെന്ന് തീരുമാനം വ്യക്തമാക്കിക്കൊണ്ട് അമ്മ പ്രസിഡണ്ട് ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ മാസം എട്ടിന് തിലകന്‍ നേരിട്ട് ഹാജരാവുകയോ അമ്മക്ക് വ്യക്തമായ വിശദീകരണം നല്‍കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട അമ്മ ആദ്യമായാണ് ഒരംഗത്തിനെതിരെ ഇത്തരത്തില്‍ നടപടിയെടുത്തിരിക്കുന്നത്. 1998ല്‍ നടന്‍ ജഗതി ശ്രീകുമാറിന് അമ്മ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവമുണ്ടായിരുന്നു. അമ്മയെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചതിനായിരുന്നു നടപടി. തുടര്‍ന്ന് ജഗതി മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തു തീര്‍ക്കുകയായിരുന്നു.
തിലകനെ സസ്‌പെന്റ് ചെയ്തതോടെ ഒരു മാസമായി തിലകനും അമ്മയും തമ്മില്‍ നിലനില്‍ക്കുന്ന പോരിന് പുതിയ വഴിത്തിരിവായിരിക്കയാണ്. തന്നെ സിനിമയില്‍ നിന്ന് വിലക്കാന്‍ ഒരു സൂപ്പര്‍സ്റ്റാറും അമ്മയിലെ ചിലരും ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ച് തിലകന്‍ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. തിലകനെ അമ്മ വിലക്കിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ അമ്മയോട് പറയുന്നതിന് പകരം മാധ്യമങ്ങളോട് പരസ്യ പ്രസ്താവന നടത്തിയത് ശരിയല്ലെന്നുമാണ് അമ്മയുടെ നിലപാട്. തിലകനോട് ഇന്നത്തെ അച്ചടക്ക സമിതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിലകന്‍ ഹാജരായിരുന്നില്ല. സംഘടനയില്‍ നിന്ന് പുറത്താക്കുന്നതിന്റെ മുന്നോടിയായാണ് സസ്‌പെന്‍ഷനെന്നാണ് കരുതുന്നത്.