തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് തമിഴ് ചിത്രം സീന്‍. ദീപാവലി റിലീസായെത്തിയ സീന്‍ ഇതിനോടകം 200 കോടിയും കടന്ന് കുതിക്കുകയാണ്. ഈ വര്‍ഷം സൂര്യയുടെ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്റര്‍ കൂടിയാണ് സീന്‍. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും മുന്നേറുമെന്നാണ് കണക്കുകൂട്ടല്‍.
മലയാളികളുടെ സ്വന്തം നസ്‌ലെനാണ് ചിത്രത്തിലെ പ്രധാന വില്ലനായി വേഷമിട്ടത്. ഈശ്വരന്‍ എന്ന സൈക്കോ കില്ലറായി മികച്ച പ്രകടനം താരം പുറത്തെടുത്തു. യൂട്യൂബ് ചാനലുകളിലൂടെ ശ്രദ്ധ നേടിയ പലരും സീനിന്റെ ഭാഗമാണ്. ചിത്രത്തില്‍ മികച്ച വേഷം ചെയ്തവരില്‍ ഒരാളാണ് തിലഗവതി. ഈശ്വരന്റെ സഹായിയായ മാമി എന്ന കഥാപാത്രമായാണ് തിലഗവതി വേഷമിട്ടത്.
നക്കലൈറ്റ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ നടിയാണ് തിലഗവതി. അപാരമായ കോമഡി ടൈമിങ്ങുള്ള തിലഗവതി സീനില്‍ ഞെട്ടിച്ചു. കണ്ടാല്‍ സാധാരണക്കാരിയെന്ന് തോന്നിക്കുന്ന സൈക്കോ വേഷം താരം ഭദ്രമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തിലഗവതി. നസ്‌ലെനൊപ്പമാണ് തന്റെ സീനുകള്‍ മുഴുവനെന്ന് താരം പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു തിലഗവതി.
‘നസ്‌ലെനുമൊത്തുള്ള ഷൂട്ട് നല്ല രസമായിരുന്നു. അവന്‍ മലയാളിയായതുകൊണ്ട് എനിക്ക് അറിയാവുന്ന മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു. ‘ഊണ് കഴിച്ചാച്ചാ’ എന്ന് ചോദിച്ചപ്പോള്‍ ‘ആ മാമി സാപ്പിട്ടാച്ച്’ എന്ന് തമിഴില്‍ മറുപടി തരും. ഷൂട്ട് ഇല്ലാത്ത സമയത്ത് എനിക്ക് മലയാളം പഠിപ്പിച്ച് തരുന്നതായിരുന്നു അവന്റെ പ്രധാന ജോലി.
നസ്‌ലെന്റെ തമിഴ് കേള്‍ക്കാന്‍ തന്നെ രസമാണ്. കേരളത്തിലേക്ക് വരുന്നതിന് മുമ്പ് മലയാളം നല്ല രീതിയില്‍ പഠിക്കാന്‍ നസ്‌ലെന്‍ സഹായിച്ചു. അവന്റെ കൂടെയായിരുന്നു എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീന്‍. വലിയ സ്റ്റാറായിരുന്നിട്ടും അതിന്റെ ഇമേജൊന്നും നസ്‌ലെന് ഇല്ല. ഒന്നിച്ചുള്ള ഷൂട്ടൊക്കെ നല്ല രസമായിരുന്നു,’ തിലഗവതി പറയുന്നു.
ചിത്രത്തില്‍ സൂര്യയുമായി തനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നെന്നും താരം പറഞ്ഞു. ആകെ ഒരു സീനില്‍ മാത്രമാണ് തങ്ങള്‍ ഒന്നിച്ച് ക്യാമറക്ക് മുന്നില്‍ എത്തുന്നതെന്നും തന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് സൂര്യ തന്നെ അഭിനന്ദിച്ചെന്നും തിലഗവതി കൂട്ടിച്ചേര്‍ത്തു. സീനിന് ശേഷം ഒരുപാട് പ്രശംസ ലഭിച്ചെന്നും താരം പറയുന്നു.
Content Highlight: Thilagavathy about the shooting experience with Naslen in Scene movie