| Wednesday, 11th November 2026, 9:56 pm

അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വ്യക്തിത്വവും റയല്‍ മാഡ്രിഡിന് ആവശ്യമായിരുന്നു: തുറന്ന് പറഞ്ഞ് കോര്‍ട്വ

ദേവിക ജയചന്ദ്രന്‍

ട്രോഫികളൊന്നും നേടാനാവാതെയാണ് റയല്‍ മാഡ്രിഡ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. വന്‍ പ്രതീക്ഷകളോടെ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത മുന്‍ സ്പാനിഷ് താരം സാബി അലോണ്‍സോയെ സീസണിനിടയില്‍ ക്ലബ് പുറത്താക്കിയിരുന്നു. ടീമിന്റെ മോശം പ്രകടനമല്ല, മറിച്ച് കളിക്കാരുമായുള്ള പ്രശ്‌നമാണ് സാബിയുടെ ജോലി തെറിക്കാനുള്ള കാരണമെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സാബിയില്‍ നിന്നും സ്ഥാനം ഏറ്റെടുത്ത അല്‍വാരോ അര്‍ബേലു ആയിരുന്നു സീസണവസാനിക്കുമ്പോള്‍ ലോസ് ബ്ലാങ്കോസിന്റെ പരിശീലകന്‍. എന്നാല്‍ അര്‍ബേലുവിനെയും ടീം പുറത്താക്കിയതോടെ ആരായിരിക്കും റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കാനെത്തുക എന്നത് ആരാധകര്‍ ഉറ്റുനോക്കിയ കാര്യമായിരുന്നു.

ടീമിലെ വന്‍ താരങ്ങളെ നിയന്ത്രിക്കാന്‍ ഏതെങ്കിലുമൊരു പരിശീലകന്‍ പോരായിരുന്നു. അന്ന് ഏറ്റവുമുയര്‍ന്ന് കേട്ട പേരായിരുന്നു പോര്‍ച്ചുഗീസ് പരിശീലകന്‍ ജോസെ മൗറിന്യോയുടേത്. അദ്ദേഹത്തിന്റെ വ്യക്തിത്വമുള്ളയൊരാള്‍ക്ക് ടീമിനെ ശരിയായ വഴിയില്‍ നയിക്കാന്‍ സാധിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നു.

ആരാധകരെ ക്ലബ് നിരാശപ്പെടുത്തിയില്ല. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫികയില്‍ നിന്നും മൗറിന്യോയെത്തന്നെ റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചു. ലീഗില്‍ മികച്ച തുടക്കം ലഭിച്ച ടീമിന് റയല്‍ ബെറ്റിസിനോടും അത്‌ലെറ്റിക്കോ മാഡ്രിഡിനോടുമേറ്റ തോല്‍വി ആരാധകരില്‍ ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ വ്യക്തമായ ആധിപത്യത്തില്‍ തോല്‍പ്പിച്ചത് ചെറിയ ആത്മവിശ്വാസമൊന്നുമല്ല ടീമിന് നല്‍കിയത്.

PHOTO-x.com

മൗറീന്യോയ്ക്ക് കീഴില്‍ തുടര്‍ച്ചയായ എട്ട് മത്സരങ്ങള്‍ ജയിച്ച് മുന്നേറുകയാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ്. ലീഗ് ടേബിളില്‍ ഒന്നാമതുള്ള ബാഴ്‌സലോണയെക്കാള്‍ മൂന്ന് പോയിന്റ് മാത്രം പുറകിലാണ് ഇപ്പോള്‍ ലോസ് ബ്ലാങ്കോസ്.

തന്റെ രണ്ടാം വരവില്‍ റയലിനെ മികച്ച രീതിയില്‍ നയിക്കുന്ന മൗറീന്യോ ശരിയായ രീതിയില്‍ തന്നെ ‘ദി സ്‌പെഷ്യല്‍ വണ്‍’ ആണെന്ന് പറയുകയാണ് ക്ലബിന്റെ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്വ. മൗറിന്യോയുടെ വ്യക്തിത്വം ടീമിന് ആവശ്യമായിരുന്നുവെന്ന് ലിസ്ബണില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കോര്‍ട്വ പറഞ്ഞു.

തുടര്‍ച്ചയായ രണ്ട് മോശം സീസണുകള്‍ക്ക് ശേഷം ടീമിന് ഏറ്റവും അനുയോജ്യനായ കോച്ച് അദ്ദേഹം തന്നെയായിരുന്നുവെന്ന് ബെല്‍ജിയന്‍ താരം പറഞ്ഞു.

‘അദ്ദേഹം തിരിച്ചുവന്നത് ശരിക്കും ആവേശകരമായിരുന്നു. അദ്ദേഹത്തിന് ചുറ്റുമുള്ളവരില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. അദ്ദേഹം മുറിയിലേക്ക് കടന്നുവരുമ്പോള്‍ തന്നെ അത് അനുഭവപ്പെടും. ഞങ്ങള്‍ക്ക് വേണ്ടതും അത് തന്നെയാണെന്ന് ഞാന്‍ കരുതുന്നു,’ കോര്‍ട്വ പറഞ്ഞു.

കോര്‍ട്വയെ രണ്ടാം വട്ടമാണ് മൗറിന്യോ പരിശീലിപ്പിക്കുന്നത്. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ കുറച്ചുകൂടി പക്വത കൈവരിച്ചിട്ടുണ്ടെന്ന് മൗറിന്യോ തന്നെ പറയുമെന്ന് കോര്‍ട്വ പറഞ്ഞു.

‘അനുഭവസമ്പത്ത് വര്‍ധിച്ചതോടെ ഇപ്പോള്‍ അദ്ദേഹം കുറച്ചുകൂടി ശാന്തനായിട്ടുണ്ടെന്നാണ് എനിക്ക തോന്നുന്നത്. ചെല്‍സിയിലുണ്ടായിരുന്ന കാലത്ത് ഡ്രസിങ് റൂമില്‍ അദ്ദേഹം കുറച്ചുകൂടി കര്‍ക്കശക്കാരനായിരുന്നു. താരങ്ങളോട് കൂടുതല്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്,’ കോര്‍ട്വ പറഞ്ഞു.

PHOTO-x.com/Fabrizio Romano

ഇപ്പോഴും ആ വ്യക്തിത്വവും സാന്നിധ്യവുമെല്ലാം അദ്ദേഹത്തിനുണ്ടെന്നും എന്നാല്‍ 12 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ അല്‍പ്പം തീവ്രത കുറഞ്ഞിട്ടുണ്ടെന്നാണ് തന്റെ തോന്നലെന്നും കോര്‍ട്വ കൂട്ടിച്ചേര്‍ത്തു.

റയല്‍ മാഡ്രിഡിന്റെ പരിശീലകനായി രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ച ജോസെ മൗറിന്യോയ്ക്ക് ലാ ലിഗയില്‍ ഇതുവരെ 97 വിജയങ്ങളുണ്ട്.

റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ലാ ലിഗയില്‍ 100 വിജയങ്ങള്‍ തികച്ച പരിശീലകര്‍ മൂന്നുപേര്‍ മാത്രമാണുള്ളത്. മൗറിന്യോയുടെ കീഴില്‍ റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ 126 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 77 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശതമാനം. ലാ ലിഗയില്‍ 100ലധികം മത്സരങ്ങള്‍ പരിശീലിപ്പിച്ചിട്ടുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമാണിത്.

തുടക്കത്തില്‍ ടീമിന് രണ്ട് തോല്‍വികള്‍ നേരിടേണ്ടിവന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങളെല്ലാം നന്നായി മുന്നോട്ടുപോകുന്നുവെന്നും വിജയത്തുടര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കോര്‍ട്വാ പറഞ്ഞു.

Content  Highlight: Thibaut Courtois feels Real Madrid needed a coach with the experience and personality of Jose Mourinho.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more