ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബ്രസീല്‍ സൂപ്പര്‍ ടീമായ ഫ്‌ളുമിനന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ തകര്‍ത്താണ് ഫ്‌ളുമിനന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തിരിക്കുന്നത്.
ഫ്‌ളുമിനന്‍സിനായി ജെര്‍മെയ്ന്‍ കാനോയും ഹെര്‍ക്കുലീസുമാണ് ഗോള്‍ കണ്ടെത്തിയത്. ഇരു ടീമും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ ഇന്ററിന്റെ ആക്രമണങ്ങള്‍ ഫ്‌ളുമിനന്‍സിന്റെ പ്രതിരോധത്തിലും ഗോള്‍ മുഖം സംരക്ഷിച്ച ഭൂതത്താനിലും തട്ടി ഇല്ലാതായി.
ഫ്‌ളുമിനന്‍സിന്റെ കുതിപ്പില്‍ ചര്‍ച്ചയാകുന്നത് രണ്ട് വെറ്ററന്‍ താരങ്ങളുടെ പേരുകളാണ്. ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ഗോള്‍ കീപ്പര്‍ ഫാബിയോയുമാണ് ഈ സ്‌പോട്ട്‌ലൈറ്റ് സ്റ്റീലേഴ്‌സ്. ഗോളെന്നുറപ്പിച്ച ഇന്ററിന്റെ നിരവധി മുന്നേറ്റങ്ങള്‍ ഇവരുടെ കരുത്തില്‍ നിഷ്പ്രഭമായിരുന്നു.
കേവലം ഇന്റര്‍ മിലാനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലിതുവരെ ഫ്‌ളുമിനന്‍സിന്റെ ഗോള്‍ കീപ്പറും സില്‍വ നെടുംതൂണായ പ്രതിരോധവും സ്‌ട്രോങ്ങാണ്. കളിച്ച നാല് മത്സരത്തില്‍ നിന്നും ടീം ആകെ വഴങ്ങിയത് വെറും രണ്ട് ഗോളുകള്‍ മാത്രം.
ഗ്രൂപ്പ് ഘട്ടത്തില്‍ ടീമിന്റെ ആദ്യ മത്സരം ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെയായിരുന്നു. ജൂണ്‍ 17ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഗോളില്ലാ സമനിലയില്‍ അവസാനിച്ചു.
രണ്ടാം മത്സരത്തില്‍ ഗ്രൂപ്പില്‍ താരതമ്യേന ദുര്‍ബലരായ ഉല്‍സാന്‍ എച്ച്.ഡി എഫ്.സിയോട് രണ്ട് ഗോള്‍ വഴങ്ങിയത് മാത്രമാണ് ഫ്‌ളുമിനന്‍സ് പ്രതിരോധത്തിന്റെ ശോഭയ്ക്ക് അല്‍പ്പമെങ്കിലും മങ്ങലേല്‍പ്പിച്ചത്. മത്സരത്തില്‍ ടീം നാല് ഗോള്‍ തിരിച്ചടിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്‌ളുമിനന്‍സിന്റെ ഏക വിജയവും ഇതായിരുന്നു.
സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ ടീം മാമലോഡി സണ്‍ ഡൗണ്‍സായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ ടീമിന്റെ എതിരാളികള്‍. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍ ഡൗണിനെ സമനിലയില്‍ തളച്ചതും ടീമിന്റെ പ്രതിരോധത്തിന്റെ മികവിലാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഫ്‌ളുമിനന്‍സ് യൂറോപ്യന്‍ സൂപ്പര്‍ ടീമിനെക്കൊണ്ടും ഗോളടിപ്പിക്കാതെയാണ് കരുത്ത് കാട്ടിയത്. ഇത്തവണ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഫ്‌ളുമിനന്‍സ് തന്നെ മുത്തമിടുമെന്നും ഫാബിയോയും സില്‍വയും അതില്‍ നിര്‍ണായകമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
2012ല്‍ ചെല്‍സിയെ പരാജയപ്പെടുത്തി കോറിന്തിയന്‍സ് കിരീടമുയര്‍ത്തിയതിന് ശേഷം യൂറോപ്യന്‍ ക്ലബ്ബുകളുടെ ആധിപത്യത്തിനാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് കപ്പ് സാക്ഷ്യം വഹിച്ചത്. 2012 മുതല്‍ ഇതുവരെ റയല്‍ മാഡ്രിഡ് അഞ്ച് തവണയും ബയേണ്‍ മ്യൂണിക് രണ്ട് തവണയും കിരീടമണിഞ്ഞപ്പോള്‍ ബാഴ്സലോണ, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ ഓരോ തവണയും കപ്പുയര്‍ത്തി.
ഇത്തവണ യൂറോപ്യന്‍ ആധിപത്യം അവസാനിപ്പിച്ച് ക്ലബ്ബ് ലോകകപ്പ് കിരീടം ഒരിക്കല്‍ക്കൂടി ലാറ്റിനമേരിക്കയുടെ മണ്ണിലെത്തിക്കാന്‍ ഫ്‌ളുമിനന്‍സിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Club World Cup: Thiago Silva and Fabio’s brilliant performance in the tournament