| Thursday, 19th March 2020, 3:28 pm

'അധികം വൈകാതെ അവര്‍ എന്നെ സ്വാഗതം ചെയ്യും'; കോണ്‍ഗ്രസിന്റെ ഷെയിം ഓണ്‍ യു വിളിയില്‍ പ്രതികരിച്ച് രഞ്ജന്‍ ഗൊഗോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സത്യപ്രതിജ്ഞ ചെയ്യാനായി രാജ്യസഭയിലേക്ക് എത്തവേ ഷെയിം ഓണ്‍ യു എന്ന് വിളിച്ച് തനിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി.

തനിക്കെതിരെ ഗോ ബാക്ക് വിളിച്ചവര്‍ തന്നെ സ്വാഗതം ചെയ്യുന്ന ഒരു ദിവസം വരുമെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം.

” അധികം വൈകാതെ തന്നെ അവര്‍ എന്നെ സ്വാഗതം ചെയ്യും. എനിക്ക് വിമര്‍ശകരായി ആരും ഇവിടെയില്ല”, എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം പുറത്തിറങ്ങിയ ഗൊഗോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഇന്ന് രാവിലെയാണ് രാജ്യസഭാംഗമായി ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു ഗൊഗോയിയുടെ സത്യപ്രതിജ്ഞ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗൊഗോയി രാജ്യസഭയിലെത്തിയപ്പോള്‍ ‘ഷെയിം ഓണ്‍ യൂ’ എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്. ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു. ഗൊഗോയിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സഭയിലുണ്ടായിരുന്നു.

രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.

ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more