ചെന്നൈ: തിരുപ്രംകുണ്ഡ്രം കാര്‍ത്തികദീപം തെളിയിക്കാതിരുന്ന സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് ദീപം തെളിയിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നാളെ ക്ഷേത്രം തന്നെ അടച്ച് പൂട്ടുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരത്തെയാണ് വിജയ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചതെന്നും തമിഴ്നാട്ടില്‍ ഭരണഘടന പൗരന് ഉറപ്പ് നല്കുന്ന ആരാധനാ സ്വാതന്ത്ര്യമാണ് ഹനിക്കപ്പെട്ടതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
‘ദീപം തെളിയിക്കുന്നതില്‍ നിന്ന് വിലക്കാന്‍ മാത്രമേ തമിഴ്നാട്ടിലെ സര്‍ക്കാരിന് കഴിയുകയുള്ളൂ. തമിഴ് അഭിമാനത്തെ ഇതുകൊണ്ട് ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. ദീപം തെളിയിക്കുന്നത് തടഞ്ഞപ്പോള്‍ വേദനിച്ചത് ലക്ഷക്കണക്കിന് ഭക്തര്‍ക്കാണ്.
ഇന്ന് ദീപം തടഞ്ഞു, നാളെ അമ്പലത്തില്‍ പോകരുതെന്ന് പറയുമോ? അതാണോ തമിഴ്നാടിന് വേണ്ടത്? മതപരമായ സ്വാതന്ത്ര്യം നല്‍കിയത് ഭരണഘടനയാണ്. കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോറിന് ഇനിയും താന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുവെന്നും ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുവെന്നും പറയാന്‍ കഴിയുമോ? അദ്ദേഹത്തിന്റെ ഹൃദയം ശുദ്ധമല്ല, നേതാവിനെ പോലെ ഭരണഘടന പോക്കറ്റിലിടാന്‍ മാത്രമാണിഷ്ടം,’ അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇതിനുപുറമെ, തമിഴ്നാട്ടിലെ റെയില്‍വേ വികസന പദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടിന്റെ റെയില്‍വേ ബജറ്റ് വിഹിതം ഒന്‍പത് മടങ്ങ് വര്‍ധിപ്പിച്ച് 7,600 കോടി രൂപയാക്കിയെന്നും ചെന്നൈ എഗ്മോര്‍, മധുര ഉള്‍പ്പെടെ 77 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുപ്പറങ്കുണ്ഡ്രം കുന്നിന് മുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. നവംബര്‍ 24-ന് ദീപം തെളിയിക്കാന്‍ സുപ്രീം കോടതി ഇടക്കാല അനുമതി നല്‍കിയിരുന്നെങ്കിലും ചടങ്ങ് നടന്നില്ല.
നേരത്തെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ നെയ്നാര്‍ നാഗേന്ദ്രനും വിഷയത്തില്‍ മുഖ്യമന്ത്രി വിജയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. വിജയ് ക്രിസ്ത്യാനിയായതുകൊണ്ടാണ് തിരുപ്പറംകുണ്ഡ്രത്ത് ദീപം തെളിയിക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് ധൈര്യം ലഭിച്ചതെന്നും മറ്റൊരു മുഖ്യമന്ത്രിയും ഇതുപോലെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും നയ്നാര്‍ നാഗേന്ദ്രന് കുറ്റപ്പെടുത്തിയിരുന്നു. മധുരയിലെ തിരുപ്രംകുണ്ഡ്രത്ത് മസ്ജിദിനും ദര്‍ഗയ്ക്കും സമീപമുള്ള തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ഇവിടെ ദീപം തെളിയിക്കാന്‍ ഭക്തര്‍ അനുമതി തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് വിഷയം സുപ്രീംകോടതിയിലെത്തുകയും ഒറ്റത്തവണ ദീപം തെളിയിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഇത് ബ്രിട്ടീഷുകാരുടെ കാലത്തുള്ള സര്‍വേ തൂണ് മാത്രമാണെന്നും ക്ഷേത്രവുമായോ ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നുമാണ് സര്‍ക്കാരിന്റെയും ദര്‍ഗ അധികൃതരുടെയും നിലപാട്.
നൂറ്റിയന്‍പതിലേറെ വര്‍ഷങ്ങളായി മലയുടെ താഴെയുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് കാര്‍ത്തിക ദീപം തെളിയിച്ചുപോരുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, താഴെയുള്ള മണ്ഡപത്തിന് പകരം ദര്‍ഗയ്ക്ക് മുകളിലുള്ള തൂണിലാണ് ദീപം തെളിയിക്കേണ്ടതെന്ന് വാദിച്ച് ചില ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിഷയം വലിയ രാഷ്ട്രീയ-നിയമ തര്‍ക്കമായി മാറിയത്.
Content Highlight: “They were not allowed to light a lamp today; tomorrow, the temple itself will be shut down. Freedom of worship has been violated in Tamil Nadu,” says Ashwini Vaishnaw.