| Wednesday, 30th July 2025, 8:37 am

എന്നെ വിശ്വസിച്ച് ആ കഥാപാത്രം തന്നു, അതിന് സംസ്ഥാന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു: പ്രിയംവദ കൃഷ്ണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് പ്രിയംവദ കൃഷ്ണന്‍. ചിത്രത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ പ്രിയംവദ തൊട്ടടുത്ത ആഴ്ചകളില്‍ റിലീസിന് എത്തിയ സംശയം, നരിവേട്ട എന്നീ സിനിമയിലും മികച്ച അഭിനയം കാഴ്ച വെച്ചു. ഇപ്പോൾ സിനിമയിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ശ്രദ്ധിച്ച് സിനിമകള്‍ തെരഞ്ഞെടുക്കേണ്ട തിരക്കൊന്നും തനിക്കുണ്ടായിട്ടില്ലെന്നും ഇതുവരെ താന്‍ ചെയ്തകഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടുവെന്നും പ്രിയംവദ പറയുന്നു. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മലയാളത്തില്‍ ഒരുപാട് നല്ല ഫിലിംമെയ്‌ക്കേഴ്‌സുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് കിട്ടിയ സിനിമകള്‍ക്കെല്ലാം തുടക്കം ഷാനവാസ് കെ. ബാവുക്കുട്ടി എന്ന എന്ന സംവിധായകനാണ്. അദ്ദേഹം തൊട്ടപ്പനില്‍ എന്നെ കാസ്റ്റ് ചെയ്തതുകൊണ്ടാണല്ലോ, ഈ യാത്ര ഇവിടെവരെയെത്തിയത്. അപ്പോള്‍ നടത്തിയ ഓഡിഷനിലല്ലാതെ ഞാന്‍ മുമ്പ് അഭിനയിച്ചിട്ടേയില്ല. നൃത്തം ചെയ്യാറുണ്ടായിരുന്നു. ഓഡിഷനിലെ എന്റെ പ്രകടനം കണ്ട്, എന്നെ വിശ്വസിച്ചാണ് അദ്ദേഹം സാറാകൊച്ചിനെ എനിക്ക് നല്‍കിയത്. അതിന് സംസ്ഥാന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു,’ പ്രിയംവദ പറയുന്നു.

ആ സിനിമയാണ് തന്നിലേക്ക് മറ്റ് കഥാപാത്രങ്ങളെയെല്ലാം എത്തിച്ചതെന്നും എല്ലാ സംവിധായകരും തന്നെ വിശ്വസിച്ചെന്നും നടി പറഞ്ഞു.

സിനിമയല്ലാതെ മറ്റൊരു ജോലിയെപ്പറ്റിയും താന്‍ ചിന്തിച്ചിട്ടില്ലെന്നും ആക്ടിങ് വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്ത് അതിനായി മാത്രം പരിശ്രമിച്ചെന്നും പ്രിയംവദ കൂട്ടിച്ചേര്‍ത്തു. ചിലര്‍ക്ക് അത് പൊട്ടത്തരമായി തോന്നിയിട്ടുണ്ടാവാമെന്നും എന്നാലും തന്റെ ലക്ഷ്യം അന്നും ഇന്നും സിനിമ മാത്രമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിനിമാമോഹം കൊണ്ടുനടക്കുമ്പോഴും സിനിമയില്‍ ആരെയും പരിചയമില്ലായിരുന്നെന്നും അത് വേറൊരു ലോകമായിട്ടാണ് താന്‍ കണ്ടതെന്നും നടി പറഞ്ഞു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു നടി.

Content Highlight: They trusted me and gave me that role, and I received Special Jury Award says Priyamvada Krishnan

We use cookies to give you the best possible experience. Learn more