ചണ്ഡിഗഡ്: വഖഫ് നിയമം മുസ്‌ലിങ്ങളുടെ സമ്പത്തുകള്‍ തട്ടിയെടുക്കാനുള്ളതും അടുത്ത ലക്ഷ്യം സിഖുകാരായിരിക്കാമെന്നും പഞ്ചാബ് കോണ്‍ഗ്രസ് മേധാവി അമരീന്ദര്‍ സിങ് രാജ വാറിങ്. മുസ്‌ലിങ്ങളുടെ 44 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനായാണ് കേന്ദ്രം ഗൂഢാലോചന നടത്തുന്നതെന്നും വാറിങ് പറഞ്ഞു.
മലേര്‍കോട്‌ലയില്‍ നടന്ന സംവിധാന്‍ ബച്ചാവോ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വാറിങ്. മുസ്‌ലിങ്ങള്‍ക്ക് ശേഷം ബി.ജെ.പി ലക്ഷ്യമിടുന്നത് സിഖുകാരെയാണെന്നും അദ്ദേഹം പറഞ്ഞു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ സ്വത്തുക്കള്‍ക്കെതിരെയും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള മുസ്‌ലിങ്ങള്‍ക്കിടയില്‍ ബി.ജെ.പി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മുസ്‌ലിങ്ങള്‍ക്കെതിരാണെന്നും ലോക്‌സഭയില്‍ 240 എം.പിമാരുണ്ടെങ്കിലും ഒരാള്‍ പോലും മുസ്‌ലിം വിഭാഗത്തില്‍ നിന്നുമില്ലെന്നും വാറിങ് ചൂണ്ടിക്കാട്ടി.
പഞ്ചാബില്‍ ജനങ്ങള്‍ ഐക്യത്തോടെയാണ് ജീവിക്കുന്നതെന്നും അവിടെ ബി.ജെ.പി.യെയും ആര്‍.എസ്.എസിനെയും വിജയിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനത്തെ എ.എ.പി സര്‍ക്കാരും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തി ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ബി.ജെ.പി ഇ.ഡി. സി.ബി.ഐ. ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: They tried to snatch the property of Muslims through Waqf, next they will snatch the property of Sikhs; Punjab Congress leader against BJP