| Monday, 25th August 2025, 7:43 am

എല്ലാ ദിവസവും മെസേജ് അയച്ച് ശല്യപ്പെടുത്തും, കുറേക്കാലമായിട്ടുണ്ട്: അനുപമ പരമേശ്വരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നടിയാണ് അനുപമ പരമേശ്വരൻ.

ചിത്രത്തിൽ ജോർജ് ആദ്യമായി സ്നേഹിക്കുന്ന ചുരുണ്ട മുടിക്കാരി മേരിയെ പ്രേക്ഷകർ ഏറ്റെടുത്തു. എന്നാൽ അതിനൊപ്പം തന്നെ ഒരുപാട് വിമർശനങ്ങളും അനുപമ നേരിടേണ്ടി വന്നിരുന്നു.

അതിന് ശേഷം അനുപമയെ മലയാളത്തിൽ അധികം കണ്ടില്ല. പകരം തെലുങ്കിലും തമിഴിലും തിരക്കുള്ള അഭിനേത്രിയായി മാറി. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഡ്രാഗണിലും നായികമാരിലൊരാൾ അനുപമയായിരുന്നു. അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിച്ച പർദ്ദയാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ തങ്ങൾക്ക് വരുന്ന മെസേജിനെപ്പറ്റി സംസാരിക്കുകയാണ് അനുപമയും ദർശന രാജേന്ദ്രനും.

‘ഒരാൾ ഞാൻ പോകുന്ന എല്ലായിടത്തും എത്തും. അയാൾ എനിക്ക് അയക്കുന്ന മെസേജൊന്നും ഞാൻ കണ്ടില്ലായിരുന്നു. എന്നാൽ അയാൾ അയച്ച മെസേജ് കണ്ടാൽ ഞാനും അയാളും തമ്മിൽ റിലേഷനാണെന്ന് തോന്നിപ്പോകും’ ദർശന രാജേന്ദ്രൻ പറയുന്നു.

എല്ലാവർക്കും അങ്ങനെ തന്നെയാണെന്നാണ് അനുപമ പരമേശ്വരൻ പറയുന്നത്.

തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ മെസേജ് റിക്വസ്റ്റ് നോക്കുമ്പോൾ ദിവസേന മെസേജുകളും വോയിസ് മെസേജുകളും അയക്കുന്നത് കാണാൻ സാധിക്കുമെന്നും അനുപമ കൂട്ടിച്ചേർത്തു.

‘ഇന്ന് ഞാൻ രാവിലെ എണീറ്റു, പല്ല് തേച്ചപ്പോൾ നിന്നെക്കുറിച്ച് ആലോചിച്ചു. നീ എന്താ എന്നെ വിളിക്കാത്തത്’ ഇത്തരത്തിലുള്ള മെസേജുകളാണ് തനിക്ക് വരുന്നതെന്നും നടി പറയുന്നു.

അത് ഒരാൾക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും കുറേ കാലമായിട്ട് ഇതുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു. ചാറ്റ് ജി.പി.റ്റിയുമായി സംസാരിക്കുന്നത് പോലെയാണ് അവർ തങ്ങളോട് സംസാരിക്കുന്നതെന്നും അവർക്ക് മറുപടി വേണ്ടെന്നും എന്നാൽ അതൊരു ഫോർവേഡ് മെസേജ് അല്ലെന്നും അനുപമ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാവരും നേരിടുന്നുവെന്നും അനുപമ കൂട്ടിച്ചേർത്തു. തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പർദ്ദയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Content Highglight: They send me messages every day and harass me, it’s been a while: Anupama Parameswaran

We use cookies to give you the best possible experience. Learn more