കൊല്ലം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നതെന്ന് സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പോലും തനിക്കെതിരെ പ്രചാരണം നടന്നുവെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ സി.പി.ഐ.എം പറവൂരില്‍ സംഘടിപ്പിച്ച ‘പെണ്‍ പ്രതിരോധ’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി.
തനിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുള്ള കാന്തപുരത്തിന്റെ പേരിലുള്ള ലെറ്റര്‍പാഡ് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
‘ഈ ലെറ്റര്‍പാഡ് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മാന്യമായാണ് അവര്‍ സ്ഥാപനങ്ങള്‍ നടത്തുന്നത്. ആ നിലക്കുള്ള ബന്ധം വെച്ച് അവരെ വിളിച്ചു. ഞങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അപ്പോഴേക്കും ഈ നുണ നാട് നീളെ യു.ഡി.എഫ് പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു,’ കെ.കെ. ശൈലജ പറഞ്ഞു.
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണമുന്നയിച്ച നടി റിനി ആന്‍ ജോര്‍ജും പെണ്‍ പ്രതിരോധത്തില്‍ പങ്കെടുത്തിരുന്നു.
ആരെയും വേദനിപ്പിക്കണമെന്നോ ആരെയും തകര്‍ക്കണമെന്നോ ആയിരുന്നില്ല തന്റെ ഉദ്ദേശമെന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവനേതാക്കള്‍ ഇങ്ങനെയാകാന്‍ പാടുണ്ടോ എന്ന ചോദ്യം മാത്രമാണ് താന്‍ ചോദിച്ചതെന്നും റിനി പറഞ്ഞു.
ഒരു യുവനേതാവില്‍നിന്ന് ചില മോശം സമീപനം നേരിടേണ്ടി വന്നു എന്നാണ് പറഞ്ഞത്. എങ്കിലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ പേര് പറഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സി.പി.ഐ.എമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന തരത്തില്‍ വ്യാജ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വന്ന് സംസാരിക്കുമ്പോഴും തനിക്ക് ഭയമുണ്ട്. ഇത് വെച്ചും ഇനി ആക്രമണമുണ്ടാകാം,’ അവര്‍ പറഞ്ഞു.
Content Highlight: They made a letter pad of Kanthapuram and spread the message not to vote for me. K.K. Shailaja against UDF