| Saturday, 14th June 2025, 2:40 pm

മ്ലാവിറച്ചിയല്ല കഴിച്ചത് പോത്തിറച്ചി; തൃശൂരിൽ യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂ‍ർ: തൃശൂരിൽ മ്ലാവിറച്ചി കൈവശം വെച്ചാന്നാരോപിച്ച് ജയിൽ ശിക്ഷ അനുഭവിച്ച യുവാക്കൾ കഴിച്ചത് പോത്തിറച്ചിയെന്ന് കണ്ടെത്തി. മ്ലാവിറച്ചി കഴിച്ചെന്നാരോപിച്ച് യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസമാണ്. ചാലക്കുടിയിലെ ചുമട്ടുതൊഴിലാളിയായ സുജീഷും വണ്ടി ബ്രോക്കർ ജോബിയുമാണ് ജയിലിൽ കഴിഞ്ഞത്.

മ്ലാവിറച്ചി വാങ്ങിയെന്ന് ഇരുവരും മൊഴി നൽകിയത് പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മ്ലാവിറച്ചിയെന്ന പേരിൽ ജോബി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഫോട്ടോകളും ഓഡിയോ മെസേജുകളും എല്ലാം തെളിവായി പരിഗണിച്ചായിരുന്നു വനം വകുപ്പ് ഇവർ രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. എന്നാൽ തൃശൂർ മുപ്ലിയം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് മ്ലാവിറച്ചി അല്ല പോത്തിറച്ചിയാണെന്ന് പിന്നീട് പരിശോധനാ ഫലം വരികയായിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബ‍ർ 30നാണ് ജോബിയുടെ വീട്ടിൽ നിന്നും ഇത്തരത്തിൽ ഇറച്ചി പിടിക്കുന്നത്. തുട‍ർന്ന് ജോബിയുടെ മൊഴി പ്രകാരമാണ് സുജീഷിനെക്കൂടി അറസ്റ്റ് ചെയ്തത്. ജോബിയുടെ വീട്ടിൽ ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം പരിശോധന നടത്തിയിയപ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന നിലയിൽ ഇറച്ചി ലഭിക്കുകയായിരുന്നു.

ഈ വിവരം ഇവ‍ർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍‍ർ എത്തുകയും മറ്റ് പരിശോധനകൾ ഒന്നും നടത്താതെ ഇത് മ്ലാവിന്റെ ഇറച്ചിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതേത്തുട‍ർന്ന് മ്ലാവിറച്ചി കൈവശം വെച്ചെന്നാരോപിച്ച് ജോബിയെയും ജോബിയുടെ മൊഴി പ്രകാരം സുജീഷിനെയും അറസ്റ്റ് ചെയ്തതു.

അറസ്റ്റിന് ശേഷം 35 ദിവസത്തോളം ഇവർ റിമാൻഡിൽ കഴിഞ്ഞിരുന്നു. തു‌‍ടർന്ന് ഇവ‍‍ർക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പിന്നീട് ആറുമാസത്തിന് ശേഷമാണ് ഇവരുടെ വീട്ടിൽ നിന്ന് പിടികൂടിയ ഇറച്ചി മ്ലാവിന്റേതല്ല പോത്തിന്റെതാണെന്ന് കണ്ടെത്തിയത്.

അതേസമയം പ്രതികളെ മർദിച്ചാണ് കുറ്റസമ്മത മൊഴി എടുത്തതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വഴങ്ങിയാണ് പ്രതികൾ കുറ്റം സമ്മതിച്ചതെന്നും ഇവരുടെ അഭിഭാഷകൻ പറഞ്ഞു. കേസ് വന്നതോടെ സുജീഷിന്റെ ഭാര്യ പിണങ്ങിപ്പോയെന്നും അദ്ദേഹത്തിന് തൊഴിൽ നഷ്ടമായെന്നും നേരത്തെ പ്രതികളിലൊരാളും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിരുന്നുവെന്നും അഭിഭാഷകൻ ആരോപിക്കുന്നു.

Content Highlight: They ate buffalo meat, not sambar deer; Youths in Thrissur spent 35 days in jail

We use cookies to give you the best possible experience. Learn more