| Thursday, 21st May 2026, 6:22 pm

ഫ്‌ളോട്ടില്ല: 'വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ശ്രമിച്ചവർ, അല്ലാതെ കുറ്റവാളികളല്ല'; ഇസ്രഈലിനെതിരെ യൂറോപ്യൻ യൂണിയൻ

ആദര്‍ശ് എം.കെ.

ഗസ സിറ്റി: ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ സന്നദ്ധ പ്രവർത്തകരെ ഇസ്രഈൽ തടഞ്ഞുവെച്ച രീതിയെയും അവരോട് കാണിച്ച ക്രൂരമായ പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ച് യൂറോപ്യൻ യൂണിയൻ (ഇ.യു) കമ്മീഷണർ ഹാജ ലാബിബ്.

ഇവർ കുറ്റവാളികളല്ലെന്നും പട്ടിണി അനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കാൻ ശ്രമിച്ച സമാധാന പ്രവർത്തകരാണെന്നും കമ്മീഷണർ പറഞ്ഞു.

അഷ്‌ദോദിലെ ഇസ്രഈൽ തുറമുഖത്ത് വെച്ച് സന്നദ്ധ പ്രവർത്തകരെ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹാജ ലാബിബ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇവര്രാരും തന്നെ ശിക്ഷിക്കപ്പെട്ട കുറ്റവാളികളല്ല. വിശക്കുന്നവർക്ക് അപ്പമെത്തിക്കാൻ ശ്രമിക്കുന്ന സന്നദ്ധ പ്രവർത്തകരാണിവർ. സമാധാനപരമായ പ്രവർത്തനങ്ങളും ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളാണ്. സാധാരണക്കാരെ സംരക്ഷിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ബഹുമാനിക്കപ്പെടണം. മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ആരും ശിക്ഷിക്കപ്പെടാൻ പാടില്ല,’ ലാബിബ് പറഞ്ഞു.

സന്നദ്ധ പ്രവർത്തകരെ കൈകൾ പിന്നിൽ കെട്ടി, കണ്ണ് മൂടിക്കെട്ടി നിലത്ത് ഇരുത്തിയിരിക്കുന്ന ദൃശ്യങ്ങൾ ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ തന്നെയാണ് പുറത്തുവിട്ടത്.

പശ്ചാത്തലത്തിൽ ഇസ്രഈൽ ദേശീയ ഗാനം കേൾപ്പിക്കുകയും പ്രവർത്തകരെ പരിഹസിക്കുകയും ചെയ്ത ബെൻ-ഗ്വിർ, ഇവർ ഫലസ്തീൻ ഭീകരർക്കൊപ്പം ജയിലിൽ കഴിയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മറ്റൊരു മന്ത്രിയായ മിറി റെഗേവ് ഇവരെ ‘ഭീകരവാദികളെ പിന്തുണയ്ക്കുന്നവർ’ എന്നാണ് വിശേഷിപ്പിച്ചത്.

ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ല എന്ന പേരിൽ 50 കപ്പലുകളിലായി 44 രാജ്യങ്ങളിൽ നിന്നുള്ള 428 സന്നദ്ധ പ്രവർത്തകരാണ് ഗാസയിലേക്ക് യാത്ര തിരിച്ചത്. അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ചാണ് ഇസ്രഈൽ സൈന്യം ഇവരെ തടഞ്ഞത്.

2007 മുതൽ ഗസയിൽ തുടരുന്ന ഇസ്രഈൽ ഉപരോധം ലംഘിച്ച് ജനങ്ങൾക്ക് സഹായമെത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

ഇസ്രഈലിന്റെ ഈ നടപടിയെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ശക്തമായി അപലപിച്ചു. ‘കടൽക്കൊള്ളയും തെമ്മാടിത്തവും’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേരെ ഇസ്രഈൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ.

ഫലസ്തീനികളോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യത്തെയോ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെയോ തടയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്‌പെയ്നും കാനഡയും തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Content Highlight: ‘They are not convicted criminals’: EU Commissioner criticizes Israel’s treatment of Gaza flotilla activists

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more