തിരുവനന്തപുരം: ചരിത്രത്തെ വിദ്വേഷമുണ്ടാക്കാനുള്ള ഉപാധിയായി സംഘപരിവാർ ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന സമീപനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിനെതിരെ നിൽക്കുന്നവരെ വംശീയമായി ചിത്രീകരിക്കുക എന്നതായിരുന്നു ബ്രിട്ടന്റെ ലക്ഷ്യമെന്നും ഇതേ ആയുധമാണ് സംഘപരിവാറും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്രാജ്യത്വവും സംഘപരിവാറും നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്താമത്തെ കേരള ചരിത്ര കോൺഗ്രസിന്റെ വാർഷിക സമ്മേളനം ഉദ്ഘടാനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടന് പാദസേവ ചെയ്യുന്നവരും വിധേയപ്പെട്ടവരുമാണ് സംഘപരിവാറെന്നും ഇത് മറയ്ക്കാനാണ് അവർ ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
ഭരണത്തിന്റെ ശക്തി ഉപയോഗിച്ച് അവർ ചരിത്രത്തെ വ്യാജമായി നിർമിക്കുകയാണെന്നും അതിലൂടെ പ്രത്യേക മതവിഭാഗത്തിന് മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന പ്രതീതിയുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്ര സ്മാരകങ്ങൾ, ന്യൂനപക്ഷ ആരാധനാലയനങ്ങൾ എന്നിവയെല്ലാം പ്രത്യേക മതവിഭാഗത്തിനുള്ളതാണെന്നും ഇതെല്ലാം മുഗൾ ഭരണകാലത്ത് മാറ്റിയതാണെന്നും അവർ അവകാശപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാനുള്ള മാർഗമായി വിദ്യാഭ്യാസത്തെയും സംഘപരിവാർ ഉപയോഗിക്കുന്നുണ്ടെന്നും വിദ്യാഭ്യാസത്തെ മതവത്കരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതനിരപേക്ഷത ഇല്ലാതാക്കി വർഗീയതയുടെ രാഷ്ട്രീയം നിറയ്ക്കുകയാണ് സംഘപരിവാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മതനിരപേക്ഷ വിദ്യാഭ്യാസ വക്താക്കളാകേണ്ട അധ്യാപകർ ജാതി അധിക്ഷേപം നടത്തുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി അധിക്ഷേപം നേരിട്ടതിൽ പഠനം നിർത്തുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
സമ്മേളനത്തിൽ ഡോ.റോബിൻസൺ ജോസിന്റെ മനുഷ്യാവകാശ പോരാട്ടങ്ങളും ചട്ടങ്ങളും എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.
Content Highlight: They are falsifying history; Sangh Parivar is using British weapon: Chief Minister