മിമിക്രിയിലൂടെ വന്ന് മികച്ച ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് തെസ്നി ഖാൻ. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെയാണ് നടി ശ്രദ്ധേയയായത്. ഇപ്പോൾ കാര്യസ്ഥൻ എന്ന ചിത്രം മുതലാണ് നല്ല റോളുകൾ തനിക്ക് കിട്ടിത്തുടങ്ങിയതെന്ന് തെസ്നി ഖാൻ പറയുന്നു.
‘കാര്യസ്ഥൻ മുതലാണ് നല്ല റോളുകൾ കിട്ടിത്തുടങ്ങിയത്. സ്ക്രിപ്റ്റ് റൈറ്റർമാരായ ഉദയകൃഷ്ണയും സിബി കെ. തോമസും അത്തരമൊരു റോൾ തന്നത് ഏറെ സഹായിച്ചു. അതിൽ വെറുമൊരു വേലക്കാരി ആയിരുന്നെങ്കിലും ഒരു ട്രാക്ക് ഉണ്ടായിരുന്നു,’ തെസ്നി ഖാൻ പറയുന്നു.
അന്നൊക്കെ തനിക്ക് വർഷത്തിൽ ഒരു പടം മാത്രമേ കിട്ടിയിരുന്നുള്ളൂവെന്നും വർഷത്തിൽ ഒരു പടം ചെയ്താൽ ആരും ആരെയും ശ്രദ്ധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിവും സൗന്ദര്യവും ഉണ്ടായാലും സിനിമയിൽ കാര്യമില്ലെന്നും സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ ദൈവാധീനവും ഭാഗ്യവും വേണമെന്നും നടി പറഞ്ഞു.
നേരത്തേ സൗന്ദര്യത്തിന് പ്രാധാന്യം ഉണ്ടായിരുന്നെന്നും ഇപ്പോൾ അതിനും പ്രാധാന്യമില്ലാതായെന്നും തെസ്നി ഖാൻ അഭിപ്രായപ്പെട്ടു.
‘കാര്യസ്ഥന് പിന്നാലെ അടുപ്പിച്ച് പടങ്ങളും വന്നു. ഡയമണ്ട് നെക്ലേസ്, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ റോളുകൾ ലഭിച്ചു. ബ്യൂട്ടിഫുളിൽ അനൂപ് മേനോൻ എനിക്കായി ഉണ്ടാക്കിയ കഥാപാത്രമായിരുന്നു’ തെസ്നിഖാൻ കൂട്ടിച്ചേർത്തു.
വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഒരു മുത്തം മണി മുത്തം, കുസൃതിക്കാറ്റ്, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളിലും തെസ്നിഖാൻ അഭിനയിച്ചിരുന്നു.
സിനിമയിലെ ന്യൂജെനറേഷൻ ബ്രില്യന്റാണെന്നും അവരുടെ കഴിവ് കൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നതെന്നുമുള്ള അഭിപ്രായം തെസ്നിഖാനുണ്ട്. പുതുതലമുറക്ക് സിനിമയെ വിജയിപ്പിക്കാൻ കഴിയുന്നുണ്ടെന്നും മോഹൻലാലും മമ്മൂട്ടിയും ന്യൂജൻ ട്രാക്കിലേക്ക് വന്നുകഴിഞ്ഞുവെന്നും നടി കൂട്ടിച്ചേർത്തു.
‘അവർ സീരിയസായി ചില സിനിമകൾ ചെയ്യുമെങ്കിലും ന്യൂജൻ ട്രാക്കിലേക്ക് ഇറങ്ങിവരുമ്പോഴാണ് ചിത്രങ്ങൾ ഹിറ്റാവുന്നത്,’ തെസ്നിഖാൻ കൂട്ടിച്ചേർത്തു.
Content Highlight: Thesni Khan about Her Career