| Tuesday, 16th September 2025, 7:36 am

'ഈ വലതുപക്ഷ നിന്ദകള്‍ അംഗീകരിക്കാനാകില്ല'; എം. ലീലാവതിക്കെതിരായ സൈബറാക്രമണത്തില്‍ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാരി എം. ലീലാവതിക്കെതിരായ സൈബറാക്രമണത്തില്‍ പ്രതികരിച്ച് സാംസ്‌കാരികലോകവും സോഷ്യല്‍ മീഡിയയും.

ഗസയിലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം. ലീലാവതിക്കെതിരെ സൈബറാക്രമണം ഉണ്ടായത്. ഇതിനെ അപലപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്.

‘വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗസയിലെ കുഞ്ഞുങ്ങള്‍’ എന്ന പരാമര്‍ശമാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടത്. തന്റെ 98 പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടായിരുന്നു എം. ലീലാവതിയുടെ പ്രസ്താവന.

ഭക്ഷണത്തിനായി പത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുകയെന്നും ലീലാവതി പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് പറഞ്ഞിരുന്നു. പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് എം. ലീലാവതി നേരിട്ടത്.

ഗസയില്‍ മാത്രമല്ല കുഞ്ഞുങ്ങള്‍ മരിക്കുന്നത്, ലോകത്ത് പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ മരണപ്പെടുന്നുണ്ട്. അപ്പോള്‍ എല്ലാം നിങ്ങളെ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ത്തിയായിരുന്നു സൈബര്‍ ആക്രമണം.

‘പ്രായം കൂടിയെന്നേ ഉള്ളു… വകതിരിവില്ല, അതുകൊണ്ട് എന്ത് കിളവി ഇപ്പോള്‍ മൂന്ന് നേരവും പട്ടിണിയിലാ, പോകുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടട്ടെ’ തുടങ്ങിയ അധിക്ഷേപ കമന്റുകളാണ് സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ ലീലാവതിക്കെതിരായ സൈബറാക്രമണത്തില്‍ അപലപിച്ച് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

‘മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. 98 വയസ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമാണ് ടീച്ചര്‍.

ഗാസയിലെ കുട്ടികള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് ഓണമുണ്ണാന്‍ തോന്നുന്നില്ല എന്ന് അവര്‍ പറഞ്ഞത്, ഒരു മനുഷ്യസ്‌നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ്. ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

‘എം. ലീലാവതി എന്ന മനുഷ്യസ്‌നേഹിക്ക്, അമ്മയ്ക്ക് അങ്ങനെയല്ലാതെ പറയാന്‍ കഴിയില്ലല്ലോ’ എന്ന് കെ.എസ്.യു നേതാവും തിരുവനന്തപുരം ലോ കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണുമായ അപര്‍ണ പ്രസന്നന്‍ ചോദിക്കുന്നു.

തൊണ്ണൂറ്റിയെട്ടാം പിറന്നാളിനെ ഈ ലോകത്തിലെ ഏറ്റവും വലിയ ഏകപക്ഷീയാതിക്രമത്തിന് എതിരായ ഒരെളിയ പരിശ്രമമാക്കി തീർത്തത്തിന്റെ പേരിലുള്ള വലതുപക്ഷ നിന്ദകള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

തന്റെ തൊണ്ണൂറ്റിയെട്ടാം വയസിലും കലുഷിതമായ ഈ ലോകത്തോട് പൊരുതികൊണ്ടിരിക്കുന്ന എം. ലീലാവതിക്ക് നിരവധി ആളുകള്‍ പിറന്നാള്‍ ആശംസകളും നേരുന്നുണ്ട്.

Content Highlight: ‘These right-wing insults are unacceptable’; Social media reacts to cyberattacks against M. Leelavathi

We use cookies to give you the best possible experience. Learn more