കഴിഞ്ഞ ദിവസമാണ് ഗസ സമാധാന ബോർഡിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗസയിലെ വെടിനിർത്തലിന് മേൽനോട്ടം വഹിക്കുന്ന ലോകനേതാക്കളുടെ ചെറിയ സംഘമായാണ് ബോർഡിനെ ആദ്യം വിഭാവനം ചെയ്തത്. എന്നാൽ ഇന്നലെ നടത്തിയ പ്രഖ്യാപനത്തോടെ ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായ ഒരു കൂട്ടായ്മയെയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമായി.
സ്വിറ്റ്സർലൻഡിലെ ദവോസിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് പീസിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചാർട്ടറിൽ ട്രംപ് ഒപ്പുവച്ചത്.
ബോർഡ് ഓഫ് പീസിന്റെ സ്ഥാനമൊഴിഞ്ഞാലും ജീവിതകാലം മുഴുവൻ അധ്യക്ഷനായി ട്രംപ് തുടരുമെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അംഗരാജ്യങ്ങളെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അനുബന്ധ സ്ഥാപനങ്ങൾ സൃഷ്ടിക്കാനും പിരിച്ചുവിടാനും സ്ഥാനമൊഴിയാൻ തീരുമാനിക്കുമ്പോൾ, തന്റെ പിൻഗാമിയെ നിയമിക്കാനടക്കമുള്ള അധികാരം ട്രംപിന് തന്നെയായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗസ വെടിനിർത്തലിന്റെ ഭാഗമായി ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതികളിൽ നിന്നുമാണ് ‘ബോർഡ് ഓഫ് പീസ്’ എന്ന ആശയം ഉടലെടുക്കുന്നത്.
യു.എൻ സുരക്ഷാ കൗൺസിൽ നേരത്തെ പദ്ധതി അംഗീകരിച്ചിരുന്നു. എന്നാൽ ലോക നേതാക്കൾക്ക് ട്രംപ് നൽകിയ ക്ഷണമനുസരിച്ച് ഇത് ഗസയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന അഭിപ്രായങ്ങളുയരാൻ കാരണമായി.
ഇത് അമേരിക്കയ്ക്ക് വേണ്ടിയല്ല ലോകത്തിന് വേണ്ടിയാണെന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചു. ഗസയിൽ തങ്ങൾ വിജയിച്ചാൽ ഇത് ലോകങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
‘ഒരു വർഷം മുമ്പ് ലോകം യഥാർത്ഥത്തിൽ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആളുകൾക്ക് അത് അറിയില്ലായിരുന്നു. എന്നിട്ടും ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കുന്നു. ലോകമെമ്പാടുമുള്ള ഭീഷണികൾ ശരിക്കും ശാന്തമാവുകയാണ്,’ ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നിലവിൽ 59 രാജ്യങ്ങൾ ബോർഡ് ഓഫ് പീസിൽ ഒപ്പുവെച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ബോർഡ് ഓഫ് പീസിൽ ഒപ്പുവെച്ച രാജ്യങ്ങളുടെ നേതാക്കളെ അഭിസംബോധന ചെയ്ത ട്രംപ് നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളാണെന്ന് പറഞ്ഞു.
1. അർജന്റീന
2. അർമേനിയ
3. അസർബൈജാൻ
4. ബഹ്‌റൈൻ
5. ബെലാറസ്
6. ബൾഗേറിയ
7. ഈജിപ്ത്
8. ഹംഗറി
9. ഇന്തോനേഷ്യ
10. ജോർദാൻ
11. കസാക്കിസ്ഥാൻ
12. കൊസോവോ
13. മൊറോക്കോ
14. മംഗോളിയ
15. പാകിസ്ഥാൻ
16. ഖത്തർ
17. സൗദി അറേബ്യ
18. തുർക്കി
19. യു.എ.ഇ
20. ഉസ്ബെക്കിസ്ഥാൻ
21. വിയറ്റ്നാം
തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ബോർഡിൽ ചേരാനുള്ള ക്ഷണം സ്വീകരിച്ചത് .
കംബോഡിയ, ചൈന, ക്രൊയേഷ്യ, ജർമനി, ഇന്ത്യ, ഇറ്റലി, യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗം, പരാഗ്വേ, റഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഉക്രെയ്ൻ എന്നീ രാജ്യങ്ങൾ നിലവിൽ ബോർഡ് ഓഫ് പീസിൽ നിന്നും വിട്ടുനിൽക്കുന്നു.
ഫ്രാൻസ്, നോർവേ, സ്ലോവേനിയ, സ്വീഡൻ, യു.കെ തുടങ്ങിയ രാജ്യങ്ങളും ബോർഡിലേക്കുള്ള അംഗത്വം സ്വീകരിച്ചിട്ടില്ല.
വ്യാഴാഴ്ച ട്രംപിന്റെ ക്ഷണം നിരസിച്ച ഫ്രാൻസ് ബോർഡിന്റെ ചാർട്ടർ ഗസയിലെ യുദ്ധം പരിഹരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഗസയെ കുറിച്ചുള്ള ഉത്തരവിനെപ്പറ്റി അതിൽ പരാമർശിക്കുന്നില്ലെന്നും ചാർട്ടറിലെ ചില ഘടകങ്ങൾ യു.എൻ ചാർട്ടറിന് വിരുദ്ധമാണെന്നും പറഞ്ഞു.
വിശാലമായ അന്താരാഷ്ട്ര ക്രമത്തിൽ നടത്തുന്ന അപകടകരമായ ഇടപെടലാണിതെന്ന് സ്ലോവേനിയയുടെ പ്രധാനമന്ത്രി റോബർട്ട് ഗൊലോബ് പറഞ്ഞു.
ബോർഡ് ഓഫ് പീസിൽ ചേരുന്നതിന് വേണ്ടി കാനഡക്ക് അയച്ച ക്ഷണം ട്രംപ് പിൻവലിച്ചു
ശക്തരായ രാജ്യങ്ങൾ സാമ്പത്തിക ഏകീകരണം ആയുധങ്ങളായും തീരുവകൾ സ്വാധീന ശക്തിയായും ഉപയോഗിക്കുവെന്നായിരുന്നു കാർണിയുടെ അമേരിക്കക്കെതിരെയുള്ള പ്രതികരണം. ഇതിനു പിന്നാലെയാണ് ക്ഷണം പിൻവലിച്ചത്.
അതേസമയം ബോർഡ് ഓഫ് പീസിലെ സ്ഥിരാംഗത്വത്തിന് 1 ബില്യൺ ഡോളർ നൽകണമെന്ന ആവശ്യം ട്രംപ് മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
Content Highlight: These countries are members of Trump’s peace board