| Monday, 3rd December 2012, 11:20 am

ശിവസേനയെ നയിക്കാന്‍ മറ്റൊരു തലവന്‍ വേണ്ട: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനയുടെ തലവനായി ബാല്‍ താക്കറെ അല്ലാതെ മറ്റൊരാള്‍ ഉണ്ടാകില്ലെന്ന് ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡന്റും താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ.

ഇവിടെ മറ്റൊരു ശിവസേന തലവന്റെ ആവശ്യമില്ലെന്നും ഉദ്ധവ് പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്. []

ബാല്‍ താക്കറെയുടെ വ്യക്തിത്വത്തിന് മാത്രം യോജിച്ച പദവികളാണ് ശിവസേന പ്രമുഖും ഹിന്ദു ഹൃദയ സാമ്രാട്ടും. താക്കറെയ്ക്ക് സ്മാരകം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താനില്ല.

ബാല്‍ താക്കറെ എന്ന വ്യക്തി ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് വിശ്വസിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു പുതിയ തുടക്കത്തിന് സമയമായി. അദ്ദേഹത്തിന്റെ അഭാവം നികത്താനാകാത്തതാണെന്നും ഉദ്ധവ് പറഞ്ഞു.

ഞാന്‍ തനിച്ചാകുന്ന നിമിഷങ്ങളില്‍ പലതും അദ്ദേഹം എനിയ്ക്ക് ചുറ്റുമുണ്ടെന്ന് വിശ്വസിക്കും. അങ്ങനെ തന്നെയാകണം ശിവസേന പ്രവര്‍ത്തകരെന്നും ഉദ്ധവ് ഓര്‍മ്മിപ്പിച്ചു.

താക്കറെയുടെ മരണത്തില്‍ അനുശോചിക്കുകയും ദു:ഖത്തില്‍ പങ്ക് ചേരുകയും ചെയ്തവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ പര്യടനം നടത്തും. താക്കറെ സ്വപ്‌നം കണ്ടത് പോലെ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുന്നതിന് വികസിതവും ശക്തവുമായ സംസ്ഥാനമാക്കുന്നതിനും ശിവസേന ശ്രമിക്കുമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബാല്‍ താക്കറെ വഹിച്ചിരുന്ന എല്ലാ അധികാരങ്ങളും ഉദ്ധവിനെ ഏല്‍പ്പിച്ചിരുന്നതായി രാജ്യസഭാ എം.പിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

We use cookies to give you the best possible experience. Learn more