| Friday, 23rd October 2026, 11:07 am

'കേരളത്തിൽ വിലക്കുകളുണ്ടാകില്ല’; ചിത്രപ്രദർശനത്തിനായി റെയ്ഹാൻ വദ്രയെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകനും ഫോട്ടോഗ്രാഫറുമായ റെയ്ഹാൻ വദ്രയെ തന്റെ ഫോട്ടോഗ്രഫി പ്രദർശനം നടത്തുന്നതിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ആവിഷ്കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും എപ്പോഴും കാവലാളായി നിൽക്കുന്ന കേരളത്തിന്റെ മണ്ണിൽ ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത് നാടിന് അഭിമാനകരമായ കാര്യമാണെന്നും ഇവിടെ യാതൊരു തരത്തിലുള്ള അനാവശ്യ വിലക്കുകളോ രാഷ്ട്രീയ ഇടപെടലുകളോ ഉണ്ടാകില്ലെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.

രാജ്യതലസ്ഥാനത്തെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വദ്ര ഒരുക്കിയ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന സോളോ എക്സിബിഷനിൽ നിന്ന്, കർഷക പ്രക്ഷോഭവും ഗുസ്തി താരങ്ങളുടെ സമരവുമടക്കം ജന്തർമന്തറിൽ അരങ്ങേറിയ ചരിത്രപരമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫോട്ടോകൾ നീക്കം ചെയ്യാൻ അധികൃതർ അന്ത്യശാസനം നൽകിയതോടെയാണ് വിവാദം രൂക്ഷമായത്.

വിവാദമായ ചിത്രങ്ങൾ ഉടനടി എടുത്തുമാറ്റിയില്ലെങ്കിൽ പ്രദർശനം തന്നെ പൂർണമായി റദ്ദാക്കുമെന്ന് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി വിഷ്വൽ ആർട്ടിസ്റ്റ് കൂടിയായ റെയ്ഹാൻ പറഞ്ഞിരുന്നു.

ആകെ പ്രദർശനത്തിനായി തെരഞ്ഞെടുത്ത 105 ഫോട്ടോകളിൽ 70 എണ്ണവും അടിയന്തരമായി ഉപേക്ഷിക്കണമെന്നായിരുന്നു കേന്ദ്ര-സംസ്ഥാന ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് അധികൃതർ മുന്നോട്ടുവെച്ച ആവശ്യം.

ദൽഹിയിൽ നടക്കുന്ന തന്റെ സോളോ ഫോട്ടോ എക്‌സിബിഷനിൽ നിന്ന് ചിത്രങ്ങൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ അധികൃതർ സമ്മർദം ചെലുത്തിയ സംഭവത്തിൽ മകനും ഫോട്ടോഗ്രാഫറുമായ റെയ്ഹാൻ വദ്രയ്ക്ക് പൂർണ പിന്തുണയുമായി കോൺഗ്രസ് എം.പി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. അധികാരമുള്ളവർ മറ്റുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുമ്പോൾ തന്നെ അവർ തോറ്റുകഴിഞ്ഞുവെന്ന് പ്രിയങ്ക വ്യക്തമാക്കി.

സത്യത്തിനൊപ്പം ഉറച്ചുനിൽക്കുന്ന മകനെയോർത്ത് ഏറെ അഭിമാനമുണ്ടെന്നും പ്രിയങ്ക എക്‌സിൽ പങ്കുവെച്ച തന്റെ കുറിപ്പിൽ പറഞ്ഞു. രാജസ്ഥാൻ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ദൽഹിയിലെ പ്രശസ്തമായ ബിക്കാനീർ ഹൗസിലാണ് റെയ്ഹാൻ വദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ഫോട്ടോഗ്രാഫി പ്രദർശനം ഒക്ടോബർ 21-ന് വൈകിട്ട് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്.

Content Highlight:‘There will be no bans in Kerala’; V.D. Satheesan welcomes Rehan Vadra for an art exhibition.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more