| Wednesday, 12th March 2025, 12:12 pm

എന്തോ തെറ്റിധാരണ വന്നു, ഒരാഴ്ചക്ക് ശേഷം അദ്ദേഹം ആ പാട്ട് വിധു പ്രതാപിനെ കൊണ്ട് പാടിച്ചു: എം.ജി. ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് മീശമാധവന്‍. സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. വിദ്യാസാഗറായിരുന്നു സിനിമയുടെ സംഗീത സംവിധായകന്‍. മീശമാധവനില്‍ വിധു പ്രതാപ് പാടിയ വാളെടുത്താല്‍ അങ്കക്കലി എന്നു തുടങ്ങുന്ന പാട്ട് യഥാര്‍ത്ഥത്തില്‍ താനായിരുന്നു പാടേണ്ടിയിരുന്നത് എന്ന് പറയുകയാണിപ്പോള്‍ ഗായകന്‍ എം.ജി. ശ്രീകുമാര്‍.

ഒരു തെറ്റിധാരണയുടെ പുറത്താണ് ഈ പാട്ട് പിന്നീട് വിധുപ്രതാപ് പാടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോംപ്രമൈസായിട്ടായിരിക്കാം മീശ മാധവനില്‍ പെണ്ണെ, പെണ്ണെ കല്യാണമായ് എന്ന് തുടങ്ങുന്ന പാട്ട് തനിക്ക് നല്‍കിയതെന്നും എം.ജി. ശ്രീകുമാര്‍ പറയുന്നു.

‘മീശമാധവന്‍ സിനിമയുടെ റെക്കോഡിങ്ങിന് എന്നെ ചെന്നൈയിലേക്ക് വിളിച്ചു. തലേ ദിവസം രാത്രി എനിക്ക് ചങ്ങനാശ്ശേരിയില്‍ പ്രോഗ്രാമായിരുന്നു. രാത്രി 12 മണി വരെ പ്രോഗ്രാം നീണ്ടു. രാവിലെ 8 മണിക്കുള്ള ഫ്‌ലൈറ്റിന് പോയി 10 മണിയായപ്പോഴേക്കും ഞാന്‍ സ്റ്റുഡിയോയിലെത്തി.

എത്തിയപ്പോഴാണ് വാളെടുത്താല്‍ അങ്കക്കലി എന്ന പാട്ട് തരുന്നത്. എന്റെ ശബ്ദം മുഴുവന്‍ അടച്ചുപോയി. അതിലെ സംഗതി വരുന്നുണ്ടായിരുന്നില്ല. നാളെ ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചെങ്കിലും ഇന്ന് തന്നെ അര്‍ജന്റായി വേണമെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞിട്ടുണ്ടെന്ന് വിദ്യാസാഗര്‍ പറഞ്ഞു.

പുള്ളിയുടെ അടുത്ത് ആരോ എന്തോ പറഞ്ഞിട്ടുണ്ട്. എന്തോ ഒരു തെറ്റിദ്ധാരണ വന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ആ പാട്ട് അദ്ദേഹം വിധുപ്രതാപിനെ കൊണ്ട് പാടിച്ചു. അത് കഴിഞ്ഞ് എന്താണെന്നറിയില്ല, പിന്നെ എന്നെ വിളിച്ച് പെണ്ണെ പെണ്ണെ കല്യാണമായ് എന്ന പാട്ട് പാടിച്ചു. അത് നല്ല പാട്ടാണ്. അങ്ങനെ ഒരു പാട്ട് എനിക്ക് തന്നു. ഒരു കോംപ്രമൈസായിരിക്കാം,’ എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

CONTENT HIGHLIGHTS: There was some misunderstanding and a week later he sang the song with Vidhu Prathap: M.G. Shrieekumar

We use cookies to give you the best possible experience. Learn more