പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നും എന്നാലത് തെളിയിക്കാന്‍ തന്റെ കൈയിലിപ്പോള്‍ തെളിവില്ലെന്നും ജന്‍ സ്വരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍. തന്റെ പാര്‍ട്ടി ബീഹാറില്‍ മാസങ്ങളോളം സഞ്ചരിച്ച് ശേഖരിച്ച പ്രതികരണങ്ങളുമായി വോട്ടിങ് ട്രെന്‍ഡ് പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ബിഹാറിലെ ആയിരക്കണക്കിന് സ്ത്രീ വോട്ടര്‍മാര്‍ക്ക് എന്‍.ഡി.എ പണം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ ടുഡേയുടെ പ്രീതി ചൗധരി യുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.
‘തെരഞ്ഞെടുപ്പില്‍ അജയ ശക്തികളുണ്ടായിരുന്നു. ജനങ്ങള്‍ക്ക് പരിചയം പോലുമില്ലാത്ത പാര്‍ട്ടികള്‍ക്ക് ലക്ഷങ്ങളോളം ലഭിച്ചു. ഇതിനെതിരെ ശബ്ദമുയര്‍ത്താനും ഇ.വി.എമ്മില്‍ കൃത്രിമത്വം നടന്നതായി പറയാനും ചിലര്‍ എന്നോട് ആവശ്യപ്പെടുന്നുണ്ട്. തോറ്റതിന് ശേഷം എല്ലാവരും ആരോപിക്കുന്ന കാര്യമാണിത്. എന്നാല്‍, എന്റെ കൈയ്യില്‍ ഇതിന് തെളിവില്ല.
പക്ഷേ തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്തെല്ലാമോ കുഴപ്പങ്ങളുണ്ട്. പല കാര്യങ്ങളും ഒത്തുപോകുന്നില്ല. എന്നാല്‍, അത് എന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നില്ല,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെ നിതീഷ് കുമാറിന് വോട്ട് ചെയ്യാന്‍ ബീഹാറിലെ സ്ത്രീ വോട്ടര്‍മാര്‍ക്ക് എന്‍.ഡി.എ പതിനായിരം രൂപ നല്‍കിയെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു. അവര്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ ആദ്യ ഗഡുവാണ് തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയത്.
നിതീഷ് കുമാറിനും എന്‍.ഡി.എയ്ക്കും വോട്ട് ചെയ്താല്‍ ബാക്കി തുക നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതുപോലെ സ്ത്രീകള്‍ക്ക് പണം നല്‍കിയ മറ്റൊരു സര്‍ക്കാരിനെ താന്‍ ഓര്‍ക്കുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
‘ജന്‍ സ്വരാജ് ജയിക്കാന്‍ സാധ്യതയില്ലെന്ന് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പല വോട്ടര്‍മാരും വിലയിരുത്തി. ഞങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടും പാര്‍ട്ടിക്ക് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലാലുവിന്റെ (ലാലു പ്രസാദ് യാദവ്) ജംഗിള്‍ രാജ് തിരിച്ച് വരുമെന്ന് വോട്ടര്‍മാര്‍ ഭയന്നു. അതാണ് ഞങ്ങള്‍ക്ക് വോട്ടുകള്‍ കുറയാന്‍ കാരണം,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ജന്‍ സ്വരാജ് എല്ലാ മണ്ഡലത്തിലും മത്സരിച്ചിരുന്നു. എന്നാല്‍, ഒരിടത്ത് പോലും പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. പലയിടത്തും മൂന്നാം സ്ഥാനത്താണ് പാര്‍ട്ടി ഇടം പിടിച്ചത്.
Content Highlight: There was rigging in Bihar elections, but there is no evidence of it: Prashant Kishor