| Monday, 19th May 2025, 7:07 pm

പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തലില്‍ യു.എസ് ഇടപെടലുണ്ടായിട്ടില്ല; പാര്‍ലമെന്ററി യോഗത്തില്‍ വിക്രം മിസ്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ അമേരിക്കയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് അപേക്ഷിച്ചതെന്നും വിക്രം മിസ്രി ആവര്‍ത്തിച്ചു. പാര്‍ലമെന്ററി യോഗത്തിലാണ് വിക്രം മിസ്രി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തലില്‍ അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇടപെടലുണ്ടായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിക്രം മിസ്രിയുടെ പ്രതികരണം.

യോഗത്തില്‍ ആദ്യഘട്ട ആക്രമണത്തിന് ശേഷമാണ് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന വിവരം പാകിസ്ഥാനെ അറിയിച്ചതെന്നും വിക്രം മിസ്രി പറഞ്ഞു.

തിരിച്ചടിയുണ്ടാകുമെന്ന വിവരം പാകിസ്ഥാനെ അറിയിച്ചതുകൊണ്ട് ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു വിക്രം മിസ്രിയുടെ പ്രതികരണം.

ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രത്തെ വിമര്‍ശിച്ചത്. ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമെന്നാണ് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചത്.

സംഭവം വിവാദമായതോടെ ഭീകര കേന്ദ്രങ്ങളെല്ലാം തകര്‍ത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന അറിയിപ്പ് നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതേ വാദമാണ് വിക്രം മിസ്രി ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

ഇതിനുപുറമെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം എല്ലായ്‌പ്പോഴും പരമ്പരാഗത മേഖലയിലാണെന്നും ആണവ സിഗ്‌നലിങ് ഇല്ലെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇതിനിടെ പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എം.പിമാരില്‍ ചിലര്‍, ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ചോദ്യമുയര്‍ത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചോദ്യത്തിന് വിക്രം മിസ്രി ഉത്തരം നല്‍കിയോ എന്നതില്‍ വ്യക്തതയില്ല.

Content Highlight: There was no US interference in ceasefire with Pakistan: Vikram Misri in parliamentary meeting

We use cookies to give you the best possible experience. Learn more