| Sunday, 26th October 2025, 1:02 pm

അദാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ ബാഹ്യപ്രേരണ ഉണ്ടായിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് എല്‍.ഐ.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുത്താനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് പണം നിക്ഷേപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി) കമ്പനി.

അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപങ്ങള്‍ സ്വതന്ത്രമായും കമ്പനി അംഗീകൃത നയങ്ങള്‍ക്ക് അനുസൃതമായും സൂക്ഷമപരിശോധനയ്ക്ക് ശേഷവും മാത്രമാണ് നടത്തിയതെന്ന് എല്‍.ഐ.സി വിശദീകരിച്ചു.

വാഷിങ്ടണ്‍ പോസ്റ്റിന്റെ തെറ്റായ റിപ്പോര്‍ട്ടുകള്‍ എല്‍.ഐ.സി നിഷേധിക്കുന്നു. നിക്ഷേപങ്ങളെല്ലാം സത്യസന്ധമായും അതീവജാഗ്രതയോടെയുമാണ് നടത്തുന്നതെന്ന് ‘ദി വാഷിങ്ടണ്‍ പോസ്റ്റിന്റെ ലേഖനത്തിനുള്ള മറുപടി’ എന്ന തലക്കെട്ടിലെ എക്‌സ് പോസ്റ്റിലൂടെ എല്‍.ഐ.സി വിശദീകരിച്ചു.

എല്‍.ഐ.സിയുടെ നിക്ഷേപ തീരുമാനങ്ങളെ ബാഹ്യപ്രേരണകള്‍ സ്വാധീനിക്കുന്നുവെന്ന വാഷിങ്ടണ്‍ പോസ്റ്റ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ലേഖനത്തില്‍ അവകാശപ്പെടുന്ന തരത്തിലുള്ള രേഖകളോ പദ്ധതിയോ അദാനി ഗ്രൂപ്പിന് വേണ്ടി എല്‍.ഐ.സി തയ്യാറാക്കിയിട്ടില്ല.

എല്‍.ഐ.സിയുടെ തീരുമാനങ്ങളില്‍ ധനകാര്യ സേവന വകുപ്പിനോ മറ്റ് സ്ഥാപനങ്ങള്‍ക്കോ ഒരു പങ്കുമില്ലെന്നും എല്‍.ഐ.സി ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വിശദീകരിച്ചു.

ഈ ആരോപണങ്ങള്‍ എല്‍.ഐ.സിയുടെ പ്രതിച്ഛായ തകര്‍ക്കാനും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക രംഗത്തെ കളങ്കപ്പെടുത്താനുമുള്ള ശ്രമമാണെന്നും കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. അതേസമയം,  ബാഹ്യ ഇടപെടല്‍ നിഷേധിക്കുമ്പോഴും ഇത്ര വിലയ തുക അദാനി ഗ്രൂപ്പില്‍ മാത്രം നിക്ഷേപിച്ചത് എന്തിനാണെന്ന് എല്‍.ഐ.സി വിശദമാക്കിയിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി പാര്‍ട്ടിയുമായും അടുത്തബന്ധമുള്ള വ്യവസായി ഗൗതം അദാനിയുടെ കടക്കെണി തീര്‍ക്കാനായി എല്‍.ഐ.സിയുടെ പണം ചെലവഴിക്കുന്നെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രത്യേക റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്.

സാധാരണക്കാരുടെ നിക്ഷേപങ്ങളാല്‍ കെട്ടിപ്പടുത്ത എല്‍.ഐ.സിയുടെ പണം ഒരു സ്വകാര്യ വ്യക്തിയിലേക്ക് മാത്രം ഒഴുക്കാനുള്ള ശ്രമമാണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് ഇതിനെ വിശേഷിപ്പിച്ചത്.

മൂന്നര ലക്ഷം കോടിയുടെ നിക്ഷേപങ്ങള്‍ അദാനി ഗ്രൂപ്പില്‍ നടത്താനുള്ള പ്രത്യേക പദ്ധതി ധനകാര്യ വകുപ്പിന്റെ അനുമതിയോടെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പി(ഡി.എഫ്.എസ്)ലെ ഉദ്യോഗസ്ഥര്‍ ആവിഷ്‌കരിച്ചെന്നും മേയ് മാസത്തില്‍ തന്നെ ഇതിന്റെ നീക്കങ്ങള്‍ നടത്തിയെന്നും വാഷിങ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അദാനി കമ്പനികളുടെ ഓഹരി വാങ്ങിയിരുന്ന എല്‍.ഐ.സിയോട് അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ബോണ്ടില്‍ മാത്രം 3.4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും കൂടുതല്‍ അദാനി ഓഹരികള്‍ വാങ്ങാനായി 507 ദശലക്ഷം ഡോളര്‍ ചെലവഴിക്കാനും ധനകാര്യ മന്ത്രാലയം ഉപദേശിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Content Highlight: There was no external motivation in the investment in Adani Group; LIC denies the allegations

We use cookies to give you the best possible experience. Learn more