| Tuesday, 6th May 2025, 7:10 pm

സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിനുകളുടെ കാര്യക്ഷമതയില്‍ പരിശോധനയുണ്ടാകണം; പേവിഷബാധ മരണങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേതാണ് നിര്‍ദേശം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒരു മാസത്തിനകം നിര്‍ദേശങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ജൂണ്‍ ഒമ്പതിന് രാവിലെ 10 മണിയോടെ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ പഠിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി എന്‍.സി.ഡി.സി നിര്‍ദേശിക്കുന്ന ഒരു ഏജന്‍സിയെ നിയോഗിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

പേവിഷബാധയേറ്റ് മരിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടോ, വാക്‌സിന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, കുത്തിവെച്ച വാക്‌സിന്റെ കാര്യക്ഷമത, വാക്‌സിനുകള്‍ കേടുവരാതെ സൂക്ഷിച്ചിരുന്നോ എന്നീ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തില്‍ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്‌സിനുകള്‍ക്കുണ്ടോയെന്ന് പരിശോധിക്കണം തുടങ്ങിയ നിർദേശങ്ങളും കമ്മീഷൻ നൽകിയിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ കാര്യക്ഷമത പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും പ്രാപ്തമായ ഏജന്‍സി ഏതാണെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും അറിയിപ്പുണ്ട്.

ഇന്നലെ (തിങ്കള്‍) പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി നിയഫൈസല്‍ ആന്തരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് നിയ മരണപ്പെട്ടത്. കൊല്ലം വിളക്കുടി സ്വദേശിയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.

കുട്ടിക്ക് മൂന്ന് തവണയോളം പ്രതിരോധ വാക്സിന്‍ എടുത്തിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിക്കുന്ന് മൂന്നാമത്തെ കുട്ടിയായിരുന്നു നിയ. ഏപ്രില്‍ 29ന് മലപ്പുറത്ത് പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരണപ്പെട്ടിരുന്നു.

പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയായ സിയ ഫാരിസ് ആയിരുന്നു മരിച്ചത്. മിഠായി വാങ്ങാന്‍ കടയിലേക്ക് പോകവെ കാലിനും തലയ്ക്കും തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവെയാണ് കുട്ടി മരിച്ചത്.

Content Highlight: There should be a check on the effectiveness of vaccines in government hospitals; Human Rights Commission on rabies deaths

We use cookies to give you the best possible experience. Learn more