| Friday, 24th July 2026, 7:15 pm

എന്നെ തമിഴ്‌നാട്ടിലേക്ക് അടുപ്പിക്കാതിരിക്കേണ്ട ആവശ്യമില്ല; എന്നേക്കാള്‍ വള്ളിപിടിച്ചത് അവന്റെ അണ്ണനാണ്: അജു വര്‍ഗീസ്

ആര്യ.പി

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ് ജനതയുടെ പ്രിയനേതാവായ വിജയ്യെ അപമാനിച്ച ധ്യാന്‍ ശ്രീനിവാസന്‍ മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നുമായിരുന്നു വിജയ് ആരാധകരുടെയും ടി.വി.കെ പ്രവര്‍ത്തകരുടെയും ആവശ്യം.

വിജയ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തനിക്കും അടുത്ത 15 വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടായതിനെക്കുറിച്ച് ധ്യാന്‍ തമാശരൂപേണ സംസാരിച്ചതാണ് വിവാദമായത്. വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ താനും നടി നവ്യയുമായുള്ള സൗഹൃദയവുമായി താരതമ്യം ചെയ്ത് ധ്യാന്‍ സംസാരിച്ചതായിരുന്നു വൈറലായത്.

ആ വിഷയത്തില്‍ സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. പുതിയ ചിത്രമായ പ്ലോട്ടോയുടെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് ധ്യാനിന്റെ പുതിയ വള്ളിയെ കുറിച്ച് അജു സംസാരിച്ചത്.

‘ഞാന്‍ പിടിച്ച വള്ളി നിങ്ങള്‍ക്കറിയാമല്ലോ. അത് അവിടെ ഇരിപ്പുണ്ട്. ഞാനും ഭഗത്തും ഇക്കാര്യം സംസാരിച്ചിരുന്നു. പുള്ളിക്ക് അതൊക്കെ അറിയാവുന്ന, ബുദ്ധിയുള്ള ആളാണ്. മണ്ടന്‍ കളിക്കുന്നു എന്നേയുള്ളൂ. നമുക്കറിയാലോ. അതിലൂടെ ഒരു എന്റര്‍ടൈന്‍മെന്റാണ് ധ്യാന്‍ പ്രതീക്ഷിക്കുന്നത്.

പിന്നെ നമുക്ക് യെസും നോയും ഒരുപോലെ പറയാന്‍ പറ്റുന്ന ആളാണ്. ഈ വിഷയത്തിന്റെ പേരില്‍ എന്നെ തമിഴ്‌നാട്ടിലേക്ക് അടുപ്പിക്കാതിരിക്കേണ്ട ആവശ്യമില്ല. ഞാന്‍ അവിടെ ഇരുന്നല്ലേയുള്ളൂ.

അങ്ങനെയാണെങ്കില്‍ ആദ്യം പിടിക്കേണ്ടത് അവന്റെ അണ്ണനെയാണ്. അണ്ണന്‍ പുറത്തിറങ്ങി ഒരു ടീ എന്ന് പറയുമ്പോള്‍ ഡേയ് നീ അവനുടെ അണ്ണന്‍ അല്ലേ എന്ന് അവിടെയുള്ളവര്‍ ചോദിച്ച് കെട്ടിയിടും,’ അജു വര്‍ഗീസ് പറഞ്ഞു.

ധ്യാന്‍ ഇപ്പോള്‍ അന്തര്‍സംസ്ഥാന വളളികള്‍ പിടിക്കുന്നതുകൊണ്ട് നമ്മുടെ ആവശ്യമില്ലെന്നും എനക്കവനെ തെരിയവേ തെരിയാത് എന്നായിരുന്നു നീരജിന്റെ മറുപടി.

‘ഞാന്‍ വിജയ്‌യെപ്പോലെ മുഖ്യമന്ത്രിയാകുന്ന ദിവസം നവ്യ നായര്‍ പട്ടുസാരിയുടുത്ത് നിറകണ്ണുകളോടെ മുന്‍നിരയില്‍ ഉണ്ടാകണം’ എന്നായിരുന്നു ധ്യാനിന്റെ വാക്കുകള്‍. ഇതിന് മറുപടിയായി ‘ധ്യാന്‍ മുഖ്യമന്ത്രിയാകുന്ന അന്ന് വെള്ള സാരിയുടുത്ത് ഒന്നാം നിരയില്‍ തന്നെ ഞാനുണ്ടാകും’ എന്ന് വേദിയിലുണ്ടായിരുന്ന നവ്യയും തമാശയായി പറഞ്ഞിരുന്നു.

തന്റെ രാഷ്ട്രീയ മോഹങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ സുഹൃത്തും നടനുമായ അജു വര്‍ഗീസാണ് ‘ബേബി സ്റ്റെപ്പ്’ എന്ന രീതിയില്‍ ആദ്യം ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് ആകാന്‍ നിര്‍ദേശിച്ചതെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

‘നീ പെട്ടെന്ന് സി.എം ആകണ്ട. വിജയ്‌യെപ്പോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ജനമനസുകള്‍ കീഴടക്കിയ ശേഷം പതിയെ സി.എം ആകാം’ എന്ന് അജു ഉപദേശിച്ചതായും ധ്യാന്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തു.

പ്രസംഗം വിവാദമാകാന്‍ സാധ്യതയുണ്ടെന്ന് അന്ന് തന്നെ വേദിയിലുണ്ടായിരുന്ന അജു ചൂണ്ടിക്കാണിച്ചിരുന്നു. ‘ഒരു കാര്യം ഉറപ്പായി, ഇനി ധ്യാനിന് തമിഴ്നാട്ടിലേക്ക് കയറാന്‍ കഴിയില്ല. അതുകൊണ്ട് വിജയ് സാര്‍ എന്റെ കൂട്ടുകാരനോട് ക്ഷമിക്കണം’ എന്നായിരുന്നു അജുവിന്റെ പ്രതികരണം.

പ്രസംഗത്തില്‍ തൃഷയുടെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, വിജയ്യുടെ സത്യപ്രതിജ്ഞയെയും വ്യക്തിജീവിതത്തെയും ധ്യാന്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നാണ് വിജയ് ആരാധകരുടെ ആരോപണം.

Content Highlight: There’s no need to keep me away from Tamil Nadu says aju varghese

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more