| Wednesday, 5th December 2018, 10:20 pm

'ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല'; വെളിപ്പെടുത്തി പുരാവസ്തു ഗവേഷകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സംഘ്പരിവാര്‍ തകര്‍ത്ത ബാബറി മസ്ജിദിനു കീഴിൽ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗമാർഗമെന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (അർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തല്‍. അയോധ്യയില്‍ പള്ളിനിന്നിരുന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ പങ്കെടുത്ത സുപ്രിയാ വര്‍മ്മയും ജയാ മേനോനുമാന് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തങ്ങൾ പരിശോധനയില്ലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കളവായിരുന്നുവെന്നും ഇവർ പറയുന്നു.

സുപ്രിയ വർമ്മ, ജയാ മേനോൻ

ദീർഘനാൾ നീണ്ട ഗവേഷണത്തിനു ശേഷം ബാബറി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് 2003 ആഗസ്ത് മാസം പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. യു.പിയിലെ അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുരാവസ്തു വകുപ്പ് ഈ കാര്യം ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് കേസിന്റെ നിർണ്ണായക വെളിപ്പെടുത്തലായി ഇത് കോടതി പരിഗണിക്കുകയുണ്ടായി.

Also Read എച്ച്.എം.ടി.യുടെ വിവാദഭൂമി അദാനിയുടെ കൈയിലേക്ക്

തെറ്റിദ്ധരിപ്പിക്കുന്നതിനായി ആദ്യമേ നിശ്ചയിച്ച ‘ഫലം’ പറഞ്ഞുകൊണ്ട് പുരാവസ്തു വകുപ്പ് രാജ്യത്തോട് നുണപറയുകയായിരുന്നുവെന്ന് സുപ്രിയ വർമ്മയും ജയാ മേനോനും പറയുന്നു. ഹഫിങ്ട്ടണ്‍ പോസ്റ്റിനുനല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടെയും ഈ നിർണ്ണായക കാര്യം പറഞ്ഞത്.

സുപ്രിയ വർമ്മ നെഹ്‌റു പുരാവസ്ഥകേന്ദ്രത്തിലെ ഗവേഷകയാണ്. ജയാ മേനോൻ നദർ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയും. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല. തന്നെയുമല്ല നേരത്തെ അവിടെയുണ്ടായിരുന്ന മുസ്‌ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞതും. നേരത്തെ തന്നെ പള്ളി നിലനിന്ന ഭൂമി ഉയര്‍ത്തിക്കെട്ടി അവിടെ അന്നത്തെ മുഗൾ ചക്രവർത്തി പള്ളി നിര്‍മിക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.

പള്ളിയുടെ പടിഞ്ഞാറേ മതിൽ

പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏതു കാലഘട്ടത്തിലാണ് അവിടെ ക്ഷേത്രമുണ്ടായിരുന്നതെന്ന് എന്ന് വ്യക്തമാക്കിയിട്ടില്ല. പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍, 50 തൂണുകൾ നിൽക്കുന്ന അടിത്തറ, വാസ്തുവിദ്യ എന്നിങ്ങനെ മുന്ന് കാര്യങ്ങളാണ് ബാബറി പള്ളിക്കു താഴെ പള്ളിയാണ് ഉണ്ടായിരുന്നതെന്നതിന് തെളിവായി ഡോ. ജയാമേനോനും പ്രൊഫ. സുപ്രിയാ വര്‍മ്മയും സമർത്ഥിക്കുന്നത്. പടിഞ്ഞാറന്‍ മതില്‍ പള്ളിയുടെ നമസ്‌കാരത്തിനായി മുഖം തിരിച്ചുനില്‍ക്കുന്ന സ്ഥലത്തിനുവേണ്ടി നിര്‍മ്മിച്ചതാണ്.

Also Read വനിതാ മതില്‍ സംഘാടക സമിതിയില്‍ 21 അംഗ വനിതാ സബ് കമ്മിറ്റി

ക്ഷേത്രത്തിന്റെ ഘടനയിലായിരുന്നില്ല ഈ മതിലിന്റെ നിർമ്മാണം. ക്ഷേത്രങ്ങളുടെ നിർമ്മാണ രീതി ഈവിധമല്ല. തൂണുകൾ ക്ഷേത്രത്തിന്റേതാണെന്നും പുരാവസ്തു വകുപ്പ് പറയുന്നു. എന്നാൽ അത് മണ്ണിൽ ഉറച്ചുപോയ കല്ലുകളാണെന്നു പുരാവസ്തുവിദഗ്ദ്ധർ ഉറപ്പിച്ച് പറയുന്നു. അതിനുതാഴെ മണ്ണായിരുന്നുവെന്നും കല്ലുകൾ ഉറച്ചമട്ടിലായിരുന്നില്ല കണ്ടതെന്നും അത് പുരാവസ്തു വകുപ്പ് തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുപ്രിയ വർമ്മയും ജയാ മേനോനും പറയുന്നു.

തൂണുകളുടെ അടിത്തറ

കെട്ടിടത്തിന്റേതായി അഞ്ഞൂറോളം അവശിഷ്ടങ്ങൾ അവിടെ കണ്ടെടുത്തിരുന്നു. പള്ളിയുടെ കുമ്മായത്തറയില്‍ നിന്നും കണ്ടെത്തിയ കല്ലിൽ ഒരു സ്ത്രീയുടെയും പുരുഷന്റെയും കൊത്തിവെച്ച രൂപം കണ്ടു. അത് പകുതി ദ്രവിച്ച രൂപത്തിലുമായിരുന്നു. “കല്ല് കൊണ്ടുള്ള ക്ഷേത്രം” എന്ന വാദമാണ് ഈ കണ്ടെത്തലിനെക്കുറിച്ച് അവർ പറഞ്ഞത്. എന്നാല്‍ കല്ലു ക്ഷേത്രമായിരുന്നെങ്കില്‍ കൂടുതല്‍ കൊത്തുപണികളുളള കല്ലുകള്‍ ഇവിടെ കാണണമായിരുന്നു. ഈ കല്ലുകൾ ഏത് കാലഘട്ടത്തിൽ നിന്നുമുള്ളതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞിട്ടില്ല. ഇത്തരം കല്ലുകളുടെ കാലം കണക്കാക്കാന്‍ പറ്റും. എന്നാല്‍ അത് ക്ഷേത്രത്തിന്റെയല്ലെന്ന് വ്യക്തമായിരുന്നുവെന്നും ഇരുവരും അറിയിച്ചു.

Also Read രാമക്ഷേത്ര നിർമ്മാണത്തിന് അടിത്തറ പാകിയത് രാമായണം സീരിയലെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

50 തൂണുകളുള്ള ക്ഷേത്രം പത്താം നൂറ്റാണ്ടിൽ ഉണ്ടാക്കിയതാണെന്നും പുരാവസ്തു വകുപ്പ് പറയുന്നു. എന്നാല്‍ തൂണുകൾ എഡി 45 ലെ ഗുപ്ത കാലഘട്ടത്തിൽ നിന്നുമുള്ളതായിരുന്നു. ബുദ്ധന്റെ കാലത്തെ സ്തൂപങ്ങളുടെ മാതൃകയിലായിരുന്നു തൂണുകൾ നിർമ്മിച്ചിരുന്നത്. ബാബറി മസ്ജിദിന്റെ പരിസരത്തായി ബുദ്ധസ്തൂപങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ബി.സി. 2, എ.ഡി. 6 നൂറ്റാണ്ടുകളില്‍ ഇവിടെ ബുദ്ധര്‍ ജീവിച്ചിരുന്നു എന്നത് വസ്തുതയാണ്. പിന്നീട് അവിടെ മുസ്ലിം സമുദായത്തിൽ പെട്ട ആൾക്കാരാണ് താമസമാക്കിയത്. 1528ല്‍ അവിടെയുള്ള മുസ്‌ലിംകളുടെ എണ്ണം കൂടി പരിഗണിച്ചാണ് ബാബര്‍ പള്ളി പണിതതെന്നും ആര്‍ക്കിയോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

തൂണിന്റെ അടിത്തറ, മറ്റൊരു ചിത്രം

പുരാവസ്തുവകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്നു തെളിയിക്കുന്ന ഇരുവരുടെയും പ്രബന്ധം നേരത്തെ പ്രമുഖ മാസികയായ ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അയോദ്ധ്യ കേസിന്റെ കാലഘട്ടത്തിൽ കേന്ദ്രത്തില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് പുരാവസ്തു വകുപ്പ് അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇവർ പറയുന്നു. അന്ന് ഖനനം നടത്തി പരിശോധിക്കാന്‍ നേതൃത്വം നല്‍കിയ ബി.ആര്‍ മണിയെ പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായി നിയമിക്കുകയുണ്ടായി. സുപ്രിയ വർമ്മയും ജയാ മേനോനും പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more