| Saturday, 18th January 2025, 9:20 am

ഇ.ഡിയ്ക്കുള്ളില്‍ എന്തൊക്കെയോ ദുരൂഹതയുണ്ട്; സുപ്രീം കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ ദുരൂഹമായ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എ.എസ്.ജിയാണ് സുപ്രീം കോടതിയില്‍ ഇ.ഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഛത്തീസ്ഗഡ് മദ്യ അഴിമതി കേസിലെ ജാമ്യാപേക്ഷയിലെ ഇ.ഡിയുടെ മറുപടി സത്യവാങ്മൂലം അധികൃതരുടെ അനുമതി ഇല്ലാതെയാണ് ഫയല്‍ ചെയ്തതെന്ന് എ.എസ്.ജി പറഞ്ഞു. ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

‘ഇ.ഡിയുടെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടായിട്ടുണ്ട്. എന്തൊക്കെയോ ദുരൂഹമായ കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ട്. തെറ്റായ നടപടിയില്‍ വകുപ്പുതല അന്വേഷണത്തിന് ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്,’ എസ്.വി. രാജു.

പ്രധാനപ്പെട്ടതും ആവശ്യമായതുമായ അനുമതിയില്ലാതെ തിടുക്കത്തില്‍ ഒരു മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുകയാണ് ഇ.ഡി ചെയ്തതെന്നും എ.എസ്.ജി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. നടപടിയില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും എ.എസ്.ജി കോടതിയെ അറിയിച്ചു.

സത്യവാങ്മൂലം നല്‍കിയത് ഇ.ഡി ആയതിനാല്‍ ഈ വിഷയത്തില്‍ എ.ഒ.ആര്‍ (അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്)നെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും എ.എസ്.ജി പറഞ്ഞു.

നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പി.എം.എ.എല്‍.എ നിയമത്തിന് എതിരായ വാദങ്ങള്‍ ഉയര്‍ത്തിയതിന് സുപ്രീം കോടതി ഇ.ഡിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

നിലവിലെ ഹിയറിങ്ങില്‍ തന്റെ കക്ഷി കഴിഞ്ഞ 18 മാസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി അറോറ ആവശ്യപ്പെട്ടു. പ്രതികളെ ജയിലിലടക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നതെന്നും മീനാക്ഷി അറോറ പറഞ്ഞു.

വിഷയം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ഓക്ക ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസിലെ അന്തിമ വാദം കോടതി ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി.

Content Highlight: There is something mysterious about ED; Additional Solicitor General in the Supreme Court

We use cookies to give you the best possible experience. Learn more