| Wednesday, 19th November 2025, 7:54 pm

ഇവിടെ മനുഷ്യത്വമെന്ന ജാതിയും സ്‌നേഹമെന്ന മതവും മാത്രമെയുള്ളൂ; മോദിയെ വേദിയിലിരുത്തി ഐശ്വര്യ റായ്‌യുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുട്ടപര്‍ത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി മനുഷ്യത്വത്തെ കുറിച്ചും സ്‌നേഹമെന്ന മതത്തെ കുറിച്ചും സംസാരിച്ച് നടി ഐശ്വര്യ റായ്. ആന്ധ്രാ പ്രദേശിലെ പുട്ടപര്‍ത്തിയില്‍ നടന്ന സത്യസായ് ബാബ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഐശ്വര്യ.

യഥാര്‍ത്ഥത്തില്‍ ജാതിയും മതവുമെല്ലാം സ്‌നേഹത്തിലും ഐക്യത്തിലും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജാതി, മതം, സ്‌നേഹം എന്നിവ പരാമര്‍ശിച്ചുകൊണ്ട് ഐശ്വര്യ റായ് പ്രസംഗത്തില്‍ പറഞ്ഞു.

ഇവിടെ ഒരു ജാതി മാത്രമേയുള്ളൂ, മനുഷ്യത്വത്തിന്റെ ജാതി. ഒരു മതമേയുള്ളൂ, സ്‌നേഹത്തിന്റെ മതം. ഒരു ഭാഷയേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ, ഒരു ദൈവമേയുള്ളൂ, അവന്‍ സര്‍വ്വവ്യാപിയാണ്, എന്നാണ് ഐശ്വര്യ മോദിയെ സാക്ഷിയാക്കി പ്രസംഗിച്ചത്.

ഐശ്വര്യയുടെ പ്രസംഗം വലിയ കയ്യടികളോടെയാണ് വേദിയിലിരുന്നവര്‍ സ്വീകരിച്ചത്. മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും, എല്ലാവരെയും ഭിന്നതകള്‍ക്കപ്പുറത്തേക്ക് നീങ്ങണമെന്നും ഐശ്വര്യ ആഹ്വാനം ചെയ്തു.

എല്ലാ പശ്ചാത്തലങ്ങളിലുമുള്ള ആളുകള്‍ക്കിടയില്‍ ഐക്യവും ധാരണയും വളര്‍ത്തണമെന്നും ഐശ്വര്യ പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു പുട്ടപര്‍ത്തിയില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കേന്ദ്രമന്ത്രിമാരായ രാം മോഹന്‍ നായിഡു കിഞ്ചരപു, ജി കിഷന്‍ റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തുടങ്ങിയ പ്രമുഖരും പരിപാടിയയില്‍ പങ്കെടുത്തു.

അതേസമയം, ഐശ്വര്യ റായ്‌യുടെ പ്രസംഗത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ. എങ്ങനെ ആളുകളെ വിഭജിക്കുകയും, അപരവത്കരിക്കുകയും ചെയ്യാം എന്നാലോചിച്ചു നടക്കുന്ന കെട്ട കാലത്ത്, രാജാവിന്റെ സ്തുതിപാഠകര്‍ മാത്രമായ ഇന്നിന്റെ ബോളിവുഡില്‍ നിന്ന് കൊണ്ട് ഐശ്വര്യ പറഞ്ഞത് ഐശ്വര്യപൂര്‍ണ്ണമായ വാക്കുകള്‍ ആയിരുന്നെന്നാണ് ഷാനു കോഴിക്കോടന്‍ എന്ന ഫേസ്ബുക്ക് യൂസര്‍ കുറിച്ചത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരെ വേദിയിലിരുത്തിയാണ് ഐശ്വര്യയുടെ പ്രസംഗമെന്ന് അദ്ദേഹം വിശദീകരിച്ചു.

Content Highlight: There is only one caste, humanity, and one religion, love; Aishwarya Rai’s speech, putting Modi on stage

Latest Stories

We use cookies to give you the best possible experience. Learn more