| Tuesday, 2nd September 2025, 5:14 pm

ലാൽ കൂടെയുണ്ടെങ്കിൽ ടെൻഷൻ അറിയില്ല; എന്തും നർമത്തിന്റെ കണ്ണിലൂടെ കാണാൻ പ്രത്യേക മിടുക്കുണ്ട്: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാളികൾ സ്നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതൽ ഇപ്പോഴിതാ പുറത്തിറങ്ങിയ പുതിയ ചിത്രം ഹൃദയപൂർവ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.

ചിത്രം വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്

‘ഷൂട്ടിങ് സമയത്ത് പല കാരണങ്ങളാലും പല വിധത്തിലുള്ള ടെൻഷൻ സംവിധായകന് ഉണ്ടാകാറുണ്ട്. ലാൽ കൂടെയുണ്ടെങ്കിൽ നമ്മളത് അറിയുകയേയില്ല. നിമിഷനേരം കൊണ്ട് ടെൻഷനൊക്കെ അദ്ദേഹം മാറ്റിയിരിക്കും. നമ്മളെ കൂൾ ആക്കും. എന്തും നർമത്തിന്റെ കണ്ണിലൂടെ കാണാൻ ലാലിനൊരു പ്രത്യേക മിടുക്കുണ്ട്,’ സത്യൻ അന്തിക്കാട് പറയുന്നു.

ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ മറ്റൊരു സിനിമ താൻ പൂർത്തിയാക്കി വെച്ചിട്ടുണ്ടായിരുന്നെന്നും അതിന് ഗായത്രീ ദേവി എന്റെ അമ്മ എന്നാണ് പേരിട്ടിരുന്നതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

എന്നാൽ പല കാരണങ്ങൾ കൊണ്ടും അതിന്റെ റിലീസ് നീണ്ടുപോയെന്നും എന്നാൽ ഇതറിഞ്ഞ മോഹൻലാൽ തന്നോട് ‘പെട്ടിയിലിരുന്നു പ്രായം കൂടിക്കൂടി ഇനി ഗായത്രീദേവി എന്റെ അമ്മൂമ്മ എന്നു വിളിക്കേണ്ടി വരുമോ’ എന്ന് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്റെ ഇത്തരം കൗണ്ടറുകൾ കേൾക്കുമ്പോൾ നമ്മുടെ ടെൻഷനൊക്കെ മറന്ന് പോകുമെന്നും പറഞ്ഞ സത്യൻ അന്തിക്കാട്, അത് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

താൻ ഈയിടെ ഒരു കല്യാണത്തിന് പോയെന്നും അവിടെ വെച്ച് റവന്യൂ മന്ത്രി കെ. രാജനെ മോഹൻലാലിന് പരിചയപ്പെടുത്തിക്കൊടുത്തെന്നും പറയുന്നു.

‘അദ്ദേഹത്തെ ലാലിന് പരിചയപ്പെടുത്തി ഞാൻ പറഞ്ഞു ‘ഇത് രാജൻ അന്തിക്കാട്ടുകാരനാണ്. എനിക്ക് രാജാ.. എന്നു വിളിക്കാൻ സ്വാതന്ത്ര്യമുള്ള മന്ത്രിയാണ്’ എന്ന്. ‘അപ്പൊ…. രാജാവാണ് മന്ത്രി’ എന്നായിരുന്നു ലാലിന്റെ കമന്റ. ലാലിന്റെ ആ ഡയലോഗ് കേട്ട് മന്ത്രി രാജൻ പൊട്ടിച്ചിരിച്ചുപോയി,’ സത്യൻ അന്തിക്കാട് പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: There is no tension if Mohanlal is with me says Sathyan Anthikkad

We use cookies to give you the best possible experience. Learn more