ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബി.ജെ.പി. 112 സീറ്റില്‍ തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്നും ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു.
ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ല. ദക്ഷിണേന്ത്യയിലെ ബി.ജെ.പി മുന്നേറ്റത്തിന് തുടക്കമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. 85 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ 47 സീറ്റുകളില്‍ കോണ്‍ഗ്രസും 35 സീറ്റില്‍ ജെ.ഡി.എസുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
അതേസമയം 12 മണിയോടുകൂടി മാത്രമേ വോട്ടിങ് നിലയില്‍ കൃത്യമായ ധാരണ ഉണ്ടാവുകയുള്ളൂവെന്നും ഗുലാം നബി അസാദുമായും അശോക് ഖേലോട്ടുമായി ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു
വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ അശോക് ഖേലോട്ട് ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ വിശദാംശകള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ടിടങ്ങളിലും പിന്നിലാണ്. ചാമുണ്ഡേശ്വരിയിലും ബെദാമിയിലുമാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബെദാമിയില്‍ ഖനി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീരാമലുവാണ് സിദ്ധരാമയ്യയുടെ എതിരാളി.
മൈസൂരു ജില്ലയിലാണ് ചാമുണ്ഡേശ്വരി മണ്ഡലം. ഇവിടെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡയാണ് മുന്നില്‍. ബി.ജെ.പിയുടെ എസ്.ആര്‍ ഗോപാലറാവു മൂന്നാം സ്ഥാനത്താണ്. 12000ത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ സിദ്ധരാമയ്യ പിന്നിട്ടുനില്‍ക്കുന്നത്.